Advertisment

താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും സമാന നിലപാട് എടുത്തിരുന്നു; പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമില്ല; റിയാസിന് പിന്തുണയുമായി മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: എം.എല്‍.എമാര്‍ കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാന്‍ വരേണ്ടതില്ലെന്ന് നിയമസഭയില്‍ പ്രസ്താവന നടത്തിയ മന്ത്രി പി.എ മുഹമ്മദ് റിയാസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. റിയാസ് പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും ഇക്കാര്യത്തില്‍ സി.പി.എമ്മില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ഇക്കാര്യത്തില്‍ ഇപ്പോഴെന്നല്ല നേരത്തെയും സി.പി.എമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. 1996 ല്‍ വൈദ്യുത മന്ത്രിയായി പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. അന്ന് ഒരു എം.എല്‍.എ എന്റെ അടുത്ത് ഒരു കോണ്‍ട്രാക്ടറെയും കൂട്ടി വന്നു. ഇത് നിങ്ങളുടെ പണിയല്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു'- മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവനും മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനക്ക് പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ പൊതുനിലപാടാണ് മന്ത്രി റിയാസ് പറഞ്ഞതെന്നായിരുന്നു വിജയരാഘവന്‍ വ്യക്തമാക്കിയത്.

എംഎല്‍എമാര്‍ക്കൊപ്പമോ എംഎല്‍എമാരുടെ ശുപാര്‍ശയിലോ കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരുന്നത് ശരിയല്ലെന്നും അത് തെറ്റായ പ്രവണത ആണെന്നുമായിരുന്നു ഇക്കഴിഞ്ഞ ഏഴാം തിയതി റിയാസ് നിയമസഭയില്‍ നടത്തിയ പരാമര്‍ശം.

കരാറുകാരെ കൂട്ടി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്ന് പി.എ. മുഹമ്മദ് റിയാസ് സഭയിൽ പറഞ്ഞതിനെ വിമർശിച്ച് എ.എൻ.ഷംസീർ എംഎൽഎ രംഗത്തെത്തിയിരുന്നു. കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നത് വസ്തുതയാണെന്നു വ്യക്തമാക്കിയ റിയാസ് തന്റെ പ്രസ്താവനയിൽ ഉറച്ചുനിന്നു.

pinarayi vijayan mohammed riyas
Advertisment