/sathyam/media/post_attachments/3qXHb8szOwflVw5lIL2U.jpg)
കൊച്ചി: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ശബരിമലയില്‍ എന്ത് അധികാരത്തിന്റെ പേരിലാണ് പൊലീസ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും കോടതി പറഞ്ഞു. വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റില്‍ പരസ്യങ്ങള്‍ നല്‍കിയതിനേയും കോടതി വിമര്‍ശിച്ചു.
വെർച്വൽ ക്യു ഏർപ്പെടുത്തിയതിൽ സദുദ്ദേശം മാത്രമാണുള്ളതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സുഗമമായ ദർശനത്തിനാണ് വെർച്വൽ ക്യു കൊണ്ടുവന്നത്. 2011 മുതൽ വെർച്വൽ ക്യു നിലവിലുണ്ട്. ഇതുവരെ കാര്യമായ പരാതികള് ഉണ്ടായിട്ടില്ല. 2019 ലെ കൊവിഡ് സാഹചര്യത്തിൽ മാത്രമാണ് ദർശനം വെർച്വൽ ക്യു വഴി ആക്കിയത്. 80 ലക്ഷം പേർക്ക് വെർച്വൽ ക്യു വഴി ദർശനം നടത്താൻ അനുമതി നൽകിയെന്നും സർക്കാർ അറിയിച്ചു.
ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ബോർഡിനാണ് വെർച്വൽ ക്യു ഏർപ്പെടുത്താൻ അധികാരമെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയിൽ പറഞ്ഞു. ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടോയെന്ന ചോദ്യമാണ് ഹൈക്കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്.