/sathyam/media/post_attachments/h7GqimF6JmQoefsYWbxf.jpg)
മുല്ലപ്പെരിയാര്‍ ഡാം മലയാളികള്‍ക്ക് എന്നും ആശങ്കയാണ്. പ്രത്യേകിച്ചും മഴക്കാലത്ത്. തലയ്ക്ക് മുകളിലുള്ള ജലബോംബാണ് മുല്ലപ്പെരിയാര്‍ എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നുമുള്ള ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ടും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
യുഎൻ യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയൺമെന്റ് ആൻഡ് ഹെൽത്ത് ആണ് ലോകത്തിലെ പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാർ ഡാം, ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യവും ശക്തമായി.
മുല്ലപ്പെരിയാർ അണക്കെട്ട് കമ്മീഷൻ ചെയ്തതിൻറെ 126 -ാം വാർഷിക ദിനത്തില്‍ #DecommissionMullaperiyarDam എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിലും തരംഗമായി. ട്വിറ്ററിലും ഇത് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ എത്തിയിരുന്നു. അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങൾ അണക്കെട്ട് തകരാൻ കാരണമാകുമെന്ന് ഹാഷ്ടാഗ് പങ്കുവയ്ക്കുന്നവര്‍ പറയുന്നു. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങൾ മൂലം അണക്കെട്ടിൽ വിള്ളലുകളുണ്ടായിട്ടുണ്ട്. അണക്കെട്ടിലെ ചോർച്ചയും ആശങ്കയുണ്ടാക്കുന്നു.
ഇപ്പോള്‍ ഇതാ ഇതിനെതിരെ എതിര്‍ കാമ്പയിനും ആരംഭിച്ചിരിക്കുന്നു. പ്രധാനമായും തമിഴ്നാട്ടില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ അക്കൌണ്ടുകളാണ് ഈ പ്രചാരണത്തിന് പിന്നില്‍ #AnnexIdukkiWithTN എന്നതാണ് ട്രെന്‍റിംഗായിരിക്കുന്ന ഹാഷ്ടാഗ്. ഇത് പ്രകാരം ഇടുക്കി ജില്ലയെ തമിഴ്നാടിനോട് ചേര്‍ക്കുക എന്നാണ് ഈ പ്രചാരണത്തിന് ഇറങ്ങിയവര്‍ ആവശ്യപ്പെടുന്നത്. ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ത്താല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം തമിഴ്നാട് നോക്കും എന്നു വരെ കമന്റുകളുണ്ട്. കേരളത്തില്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നുള്ള ആവശ്യവുമായി ശക്തമായി രംഗത്ത് എത്തിയ സിനിമ താരങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.