'സത്യം ജയിക്കും, ബിനീഷ് കോടിയേരി എന്ന പേരിൽ കോടിയേരിയെന്നതാണ് എല്ലാവർക്കും പ്രശ്‌നം; ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്ന് ജയിൽ മോചിതനായ ശേഷം ബിനീഷ് കോടിയേരി

New Update

publive-image

Advertisment

ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനായി. രണ്ട് സർക്കാർ ഉദ്യോഗസ്ഥനാണ് ബിനീഷിന് ആൾ ജാമ്യം നിന്നത്. ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.

ബിനീഷ് നാളെ കേരളത്തിലെത്തും. സത്യം ജയിക്കുമെന്ന് ജയിൽ മോചിതനായ ശേഷം ബിനീഷ് പ്രതികരിച്ചു. ബിനീഷ് കോടിയേരി എന്ന പേരിൽ കോടിയേരിയെന്നതാണ് എല്ലാവർക്കും പ്രശ്‌നം. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എല്ലാം കേരളത്തിലെത്തിയ ശേഷം വിശദീകരിക്കാമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

എട്ട് മാസം നീണ്ടുനിന്ന വാദത്തിന് ശേഷം ഉപാധികളോടെയായിരുന്നു ജാമ്യം. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം നൽകണം, വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുത്, വിചാരണ കോടതി വിളിപ്പിക്കുമ്പോൾ ഹാജരാകണം, സമാന കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ പാടില്ല എന്ന് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്.

കേരളത്തിൽ നടന്ന പല കേസുകളെ പറ്റിയാണ് അന്വേഷണ ഉദ്യോഗസ്ഥർ തന്നോട് ചോദിച്ചത്. പലരുടേയും പേരുകൾ പറയാൻ നിർബന്ധിച്ചു. ഉദ്യോഗസ്ഥർ പറയുന്നത് പോലെ പല കാര്യങ്ങളും പറയാൻ നിർബന്ധിച്ചു. താൻ അതിന് തയ്യാറാകാത്തതാണ് തന്നെ കേസിൽപ്പെടുത്താൻ കാരണം. ‘ബിനീഷ് കോടിയേരിയെന്ന പേരിൽ ബിനീഷ് ആരും അല്ലല്ലോ കോടിയേരിയെന്ന പേരാണല്ലോ പ്രശ്‌നം’ എന്നായിരുന്നു ബിനീഷിന്റെ പ്രസ്താവന.

ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂർണമായും ആശ്വസിക്കാനായിട്ടില്ല. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസില്‍ അന്വേഷണം ഏതെങ്കിലും സാഹചര്യത്തില്‍ ബിനീഷിലേക്കെത്തിയാല്‍ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയില്‍ രണ്ട് കേന്ദ്ര ഏജന്‍സികളും ഇനി സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.

 

NEWS
Advertisment