തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരെ രൂക്ഷമായി പ്രതികരിച്ച് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്. ഒരു സംസ്ഥാനവും നികുതി കൂട്ടിയിട്ടില്ലെന്നും നികുതി കൂട്ടിയിട്ടുള്ളതു കേന്ദ്ര സർക്കാർ മാത്രമാണെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്...
എന്തു ഭാവിച്ചാണ് മോഡി സർക്കാർ എണ്ണവില ഇങ്ങനെ കൂട്ടുന്നത്?
ജനുവരി 1-ന് 85.72 രൂപ വരെയുണ്ടായിരുന്ന പെട്രോളിന് നവംബർ 1-ന് 112.07 രൂപയാണ് വില. ഡീസലിന്റെ വില 79.65 രൂപയിൽ നിന്ന് 105.85 രൂപയായി ഉയർന്നു. 19 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 400 രൂപയിലധികം വർദ്ധിച്ച് 1994 രൂപയായി. ഗാർഹിക എൽപിജിക്ക് (14 കിലോഗ്രാം) 205 രൂപ വർദ്ധിച്ച് 906 രൂപയായി. വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രകൃതിവാതക വില കഴിഞ്ഞ രണ്ടു മാസത്തിനിടെ 10 രൂപ കൂട്ടി 70 രൂപയായി.
പല പ്രമുഖമാധ്യമങ്ങളുടെയും തലവാചകം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും എന്നിട്ടും നികുതി കുറയ്ക്കാൻ തയ്യാറല്ല എന്നാണ്. രണ്ടു സർക്കാരുകളെയും കൂട്ടിക്കെട്ടുന്നതു ദുഷ്ടലാക്കാണ്. നമ്മൾ ചർച്ച ചെയ്യുന്നതു വില വർദ്ധനവിനെക്കുറിച്ചാണ്. ഒരു സംസ്ഥാനവും നികുതി കൂട്ടിയിട്ടില്ല. നികുതി കൂട്ടിയിട്ടുള്ളതു കേന്ദ്ര സർക്കാർ മാത്രമാണ്. മോഡി അധികാരത്തിൽവന്നശേഷം പെട്രോളിനും 3.5 മടങ്ങും ഡീസലിന് 9 മടങ്ങും നികുതി നിരക്ക് വർദ്ധിപ്പിച്ചു. ഈ വർദ്ധനയുടെ ഒരു പങ്കും സംസ്ഥാനത്തിനു നൽകാതിരിക്കാൻവേണ്ടി പങ്കുവയ്ക്കേണ്ട എക്സൈസ് നികുതിക്കു പകരം റോഡ് സെസ്സും മറ്റുമായിട്ടാണ് ഈ വർദ്ധന വരുത്തിയിട്ടുള്ളത്.
അന്തർദേശീയ കമ്പോളത്തിൽ ക്രൂഡോയിലിന്റെ വില കുത്തനെ കുറഞ്ഞപ്പോഴാണ് അതിന്റെ നേട്ടം ഉപഭോക്താക്കൾക്കു നൽകാതെ കൈപ്പിടിയിലാക്കാൻ നികുതി വർദ്ധിപ്പിച്ചത്. ഇന്നു ക്രൂഡോയിൽ വില ഉയരുമ്പോൾ വർദ്ധിപ്പിച്ച നികുതി കുറയ്ക്കുക എന്നുള്ളത് എത്രയോ ലളിതമായ യുക്തി. അതു നമ്മുടെ പല മാധ്യമ പ്രഭൃതികൾക്കും മനസിലായിട്ടില്ല.
എന്തിനു വേണ്ടി ജനങ്ങളെ പിഴിയുന്നു? കോർപ്പറേറ്റുകൾക്ക് 1.5 ലക്ഷം കോടി രൂപ നികുതിയിളവ് നൽകിയവരാണ് മോഡി സർക്കാർ. ഇനിയിപ്പോൾ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് എന്ന പേരിൽ 2 ലക്ഷം കോടി കോർപ്പറേറ്റുകൾക്കു സബ്സിഡി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്. അതിനു പണം കണ്ടെത്താനാണ് ജനങ്ങളെ പിഴിയുന്നത്. കഴിഞ്ഞ ലക്കം മണി മാറ്റേഴ്സിൽ പെട്രോൾ, ഡീസൽ വിലക്കയറ്റം സംബന്ധിച്ച വീഡിയോയാണ് ചുവടെ കൊടുത്തിരിക്കുന്നത്.
https://www.facebook.com/thomasisaaq/videos/1074369953334520