ആദ്യ ഡോസ് സ്വീകരിച്ചത് 95 % പേര്‍; സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നു; രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുതെന്ന് ആരോഗ്യമന്ത്രി

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് (2,53,60,542) ആദ്യ ഡോസ് വാക്‌സിനും 52.38 ശതമാനം പേര്‍ക്ക് (1,39,89,347) രണ്ടാം ഡോസ് വാക്‌സിനും നല്‍കി.

Advertisment

ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,93,49,889 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 78.56 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 35.80 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. ഇനിയും വാക്‌സിനെടുക്കാനുള്ളവര്‍ ഉടന്‍ അവസരം വിനിയോഗിക്കണം.

പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്ത്രീകളില്‍ 2,03,95,143 ഡോസ് വാക്‌സിനും പുരുഷന്‍മാരില്‍ 1,89,45,125 ഡോസ് വാക്‌സിനുമാണെടുത്തത്. ആരോഗ്യ പ്രവര്‍ത്തരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിനും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്.

രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂവെന്നും മന്ത്രി അറിയിച്ചു.

veena george
Advertisment