ദുബായ്: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കമുണ്ടാകുന്ന പള്ളികളില്‍ ഹിതപരിശോധന നടത്തണമെന്ന കെടി തോമസ് കമ്മീഷന്‍ ശുപാര്‍ശ തള്ളി ഓര്‍ത്തോഡോക്‌സ് സഭ. ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ ശുപാർശ അംഗീകരിക്കാനാവില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
സുപ്രീംകോടതി വിധിയെ ലംഘിച്ചുകൊണ്ടുള്ള നിയമ നിർമ്മാണത്തിന് സാധുതയില്ല. സർക്കാർ നിയമ നിർമ്മാണത്തിന് പോകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോടതി വിധി നടപാക്കാൻ ആർജ്ജവമുള്ള സർക്കാരാണ് ഭരിക്കുന്നത്. പള്ളിത്തർക്കത്തിൽ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുൻ നിലപാടിൽ മാറ്റമില്ലെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
സഹിഷ്ണുതയുടെ പേരില്‍ ഇനിയും വിട്ടു വീഴ്ച ചെയ്താല്‍ ഓര്‍ത്തോഡോക്‌സ് സഭയ്ക്ക് നീതി നിഷേധിക്കപ്പെടും എന്നും ബസേലിയോസ് മാര്‍ത്തോമാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.
പള്ളികളുടെയും സ്വത്തുക്കളുടെയും അവകാശം തീരുമാനിക്കാൻ പ്രായപൂർത്തിയായ ഇടവകാംഗങ്ങൾക്കിടയിൽ ഹിതപരിശോധന നടത്താനാണു ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷന്റെ ശുപാർശ. ഇതിനായി സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജി അധ്യക്ഷനായ അതോറിറ്റിയെ നിയോഗിക്കണമെന്നാണ് ശുപാർശ.