/sathyam/media/post_attachments/0AaeYOUbfRpdHFHTzhkj.jpg)
പാലക്കാട്: ആലത്തൂരിൽ കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നാണ് ഇവരെ കണ്ടത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. 14 വയസുള്ള കുട്ടികളെ 5 ദിവസം മുമ്പാണ് കാണാതായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് നാല് പേരും.
എന്നാല്‍ കുട്ടികള്‍ ഇത്രയും ദിവസം എവിടെയൊക്കെ പോയെന്നോ എന്താണ് വീട് വിട്ടിറങ്ങാന്‍ കാരണമായതെന്നോ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നവംബര്‍ മൂന്നാം തീയതിയാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയത്. പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.
ഗോപാലപുരം വഴി തമിഴ്‌നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു.
ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതൽ അത് സ്വിച്ച് ഓഫായതായി കണ്ടെത്തി. കുട്ടികൾ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ് പോകുന്നതെന്നോ സംബന്ധിച്ച് വിവരമൊന്നുമില്ല. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം. വീട് വിട്ടത് എന്തിനെന്നത് സംബന്ധിച്ചടക്കം കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.