തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ പിഎച്ച്ഡി സംബന്ധിച്ച വിവാദം അവസാനിക്കുന്നില്ല. കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്ന് ഷാഹിദ കമാല്‍ ലോകായുക്തയ്ക്ക് നൽകിയ മറുപടിയിൽ പറഞ്ഞു.
കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെൻ്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയക്ക് നൽകിയ മറുപടിയിൽ പറയുന്നത്. സാമൂഹിക രംഗത്ത് താൻ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് നൽകിയ ഓണറ്റി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദ കമാലിൻ്റെ വിശദീകരണം.
തൻ്റെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുകളുണ്ടെന്നും വനിതാ കമ്മീഷനിൽ ഷാഹിദാ കമാൽ സമ്മതിച്ചിട്ടുണ്ട്. 2009 ലും 2011ലും തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത വച്ചതിൽ പിഴവുണ്ടായെന്നാണ് ഷാഹിദ പറയുന്നത്. കേരള സർവ്വകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ രേഖ. എന്നാൽ 2016-ൽ അണ്ണാമല സർവ്വകലാശാലയിൽ നിന്നുമാണ് താൻ ഡിഗ്രി നേടിയതെന്നാണ് ഷാഹിദയുടെ വിശദീകരണം.
ഷാഹിദയ്ക്ക് വിയറ്റ്നാം സർവകലാശാലയിൽ നിന്നു പിഎച്ച്ഡി ലഭിച്ചെന്നായിരുന്നു തൃക്കാക്കര സ്വദേശി എസ്. ദേവരാജന് സാമൂഹികനീതി വകുപ്പിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. വട്ടപ്പാറ സ്വദേശി അഖില ഖാൻ നൽകിയ പരാതിയിലാണ് ലോകായുക്തഷാഹിദാ കമാലിന് നോട്ടീസയച്ചത്. ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ രേഖകള്‍ സമർപ്പിച്ചുവെന്നായിരുന്നു ഹർജി. ഷാഹിത കമാലിൻെറ ഡോക്ടറേറ്റും വ്യാജമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.