കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു രംഗത്ത്. അമേത്തിയിൽ തോറ്റ് ഉത്തരേന്ത്യയിൽ നിന്നും ഓടി വയനാട്ടിൽ എത്തിയ മുൻ അഖിലേന്ത്യ പ്രസിഡൻ്റും ആലപ്പുഴ ലോക്സഭാ സീറ്റിൽ തോൽവി ഭയന്ന് അവിടെ മത്സരിക്കാതെ രാജ്യത്ത് ഭരണം അവശേഷിക്കുന്ന രാജസ്ഥാനിൽ പോയി രാജ്യസഭ എംപി യും ആയ സംഘടന ചുമതലയുള്ള അഖിലേന്ത്യ സെക്രട്ടറിയും ഒക്കെയുള്ള കോൺഗ്രസ്സ് പാർട്ടിക്കാർ ആണോ കേരള കോൺഗ്രസ് എമ്മിനെ വിമർശിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
കേരളം കണ്ടതിൽ വെച്ചു ഏറ്റവും മികച്ച പാർലമെന്ററിയൻമാരിൽ ഒരാളാണ് ജോസ് കെ. മാണി. അദ്ദേഹം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്നപ്പോൾ സ്വാഭാവികമായും യുഡിഎഫിന്റെ കാലഘട്ടത്തിൽ ലഭിച്ച രാജ്യസഭ സീറ്റ് രാജിവച്ചു. എല്‍ഡിഎഫിന് അവസരം ലഭിച്ചപ്പോൾ ജോസ് കെ മാണി തന്നെ ആ സീറ്റ് തിരിച്ചുനൽകി. ഇതൊരു രാഷ്ട്രീയ മര്യാദയുടെ ഭാഗമാണെന്ന് റോണി പറഞ്ഞു.
മുൻപ് വീരേന്ദ്രകുമാർ യുഡിഎഫ് വിട്ട് എല്‍ഡിഎഫിൽ വന്നപ്പോഴും ഇതേ മാതൃക തന്നെയാണ് സ്വീകരിച്ചത്. മുൻപ് പാർലമെന്റ് അംഗമായിരുന്ന കാലഘട്ടത്തിൽ വികസന രംഗത്തും വിദ്യാഭ്യാസ രംഗത്തും അദ്ദേഹം കാഴ്ചവെച്ച നവോത്ഥാന മാതൃകകൾക്ക് ലഭിച്ച അംഗീകാരമായാണ് ഈ രാജ്യസഭസീറ്റിനെ കേരള പൊതുസമൂഹം ഒന്നടങ്കം കാണുന്നത്. ജോസ് കെ. മാണിക്ക് ഇനിയും കൂടുതൽ നന്മകൾ കേരളത്തിനു വേണ്ടി ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.