കേന്ദ്രസർ‍‍ക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറച്ചതോടെ ക്രമാനു​ഗതമായി സംസ്ഥാന സർക്കാ‍ർ ഈടാക്കുന്ന കെ.ജി.എസ്. ടി കുറയ്ക്കുന്നതിന് പകരം അബദ്ധജടിലമായ വാദങ്ങൾ നിരത്തുകയാണ് ധനമന്ത്രി; ബാലഗോപാൽ കപടവാദങ്ങൾ നിർത്തി ഇന്ധന നികുതി കുറയ്ക്കണം: കെ.സുരേന്ദ്രൻ

New Update

publive-image

Advertisment

തിരുവനന്തപുരം: കേന്ദ്രസർ‍‍ക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറച്ചതോടെ ക്രമാനു​ഗതമായി സംസ്ഥാന സർക്കാ‍ർ ഈടാക്കുന്ന കെ.ജി.എസ്. ടി കുറയ്ക്കുന്നതിന് പകരം അബദ്ധജടിലമായ വാദങ്ങൾ നിരത്തുകയാണ് ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ജനങ്ങൾക്ക് ലേഖനങ്ങളിലൂടെയും മാദ്ധ്യമങ്ങളിലൂടെയുമുള്ള മന്ത്രിയുടെ കപടവാദങ്ങളല്ല ആവശ്യം. മറിച്ച് കേന്ദ്രാനുപാതികമായി സംസ്ഥാനവും നികുതി കുറയ്ക്കാനാണ് ജനമാ​ഗ്രഹിക്കുന്നത്. ഇപ്പോൾ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് സംസ്ഥാനം നികുതിയായി ഈടാക്കുന്നത്. ഇതുകൂടാതെ ലിറ്ററിന് ഒരു രൂപ വച്ച് സെസും ജനം സംസ്ഥാനത്തിന് നൽകണം. പെട്രോളിന്റെ അടിസ്ഥാന വിലയ്ക്ക് പുറമെ ശുദ്ധീകരണ ചെലവും കമ്പനികൾ ഈടാക്കുന്ന ലാഭവും കേന്ദ്രത്തിന്റെ നികുതിയും യാത്രാ ചെലവും വ്യാപാരികളുടെ കമ്മിഷനും ഒക്കെ ഉൾപ്പെടുത്തിയുള്ള തുകയ്ക്ക് മുകളിലാണ് കേരളം നികുതി ഈടാക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രം നികുതി കുറയ്ക്കുമ്പോൾ സംസ്ഥാനം തങ്ങളുടെനികുതി അതേ നിരക്കിൽ ഈടാക്കിയാൽ തന്നെ സ്വാഭാവികമായി കുറയുന്ന തുകയുടെ ആനുകൂല്യമാണ് ജനത്തിന് ഇപ്പോൾ കിട്ടുന്നത്. അല്ലാതെ ബാല​ഗോപാൽ അവകാശപ്പെടുന്നതു പോലെ കേരളം പെട്രോളിന് 1.60 രൂപയും ഡീസലിന് 2.30 രൂപയും കുറച്ചതല്ല. കേന്ദ്ര നികുതി കുറയ്ക്കുമ്പോൾ അതിന്റെ മേൽ ഈടാക്കുന്ന 30.08ഉം 22.76 ശതമാനം നികുതിയിൽ വരുന്ന കുറവാണത്. നിങ്ങൾ ചെയ്യേണ്ടത് കേന്ദ്രം കുറച്ചതിന് ആനുപാതികമായി സംസ്ഥാനനികുതിയും കുറയ്ക്കുകയാണ്.

പെട്രോളിന് 28 രൂപയാണ് ശരാശരി കേന്ദ്ര നികുതി ഉണ്ടായിരുന്നത്. അഞ്ച് രൂപ അതായത് ഏതാണ്ട് 18 ശതമാനം നികുതി കേന്ദ്രം കുറച്ചു. 22 രൂപ ഉണ്ടായിരുന്ന ഡീസൽ നികുതിയിൽ നിന്ന് 10 രൂപ കുറച്ചു. അതായത് 46 ശതമാനം. ഏതാണ്ട് പകുതിയോളം നികുതി കുറച്ചു. ഇതേ നിരക്കിൽ സംസ്ഥാനവും നികുതി കുറയ്ക്കുകയാണെങ്കിൽ പെട്രോളിന് 6 രൂപയും ഡീസിലിന് പത്ത് രൂപയും കുറയ്ക്കണം.

പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടവരാണ് സി.പി.എമ്മും ഇടതുപക്ഷവും. കേന്ദ്രം നികുതി കുറച്ചാൽ തങ്ങളും കുറയ്ക്കാമെന്ന് മുൻ എൽ.ഡി.എഫ് സർക്കാരിലെ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയതാണ്. എന്നാൽ ഇപ്പോൾ പന്ത് തങ്ങളുടെ കളത്തിൽ വന്നിട്ടും നികുതി കുറയ്ക്കാൻ കേരളം തയ്യാറാവുന്നില്ല. ഇത് ജനവഞ്ചനയും സാധാരണക്കാരോടുള്ള വെല്ലുവിളിയുമാണ്. ഇത് മറച്ച് പിടിക്കാൻ എത്ര പേജ് കപട വാദങ്ങൾ നിരത്തിയാലും കഴിയില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

''സെസിനെ കുറിച്ചൊന്നും ബാല​ഗോപാൽ പറയാതിരിക്കുന്നതാണ് നല്ലത്. കിഫ്ബിയുടെ പേരിൽ കേരളത്തിലും സെസ് പിരിക്കുന്നില്ലേ? കേന്ദ്ര നികുതിയുടെ ഡിവൊല്യൂഷൻ നടത്താത്ത വിധത്തിൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയും സെസുമൊക്കെ പിരിക്കുന്നു എന്നതാണ് വിമർശനം. നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ഇന്ത്യയിൽ സെസ് പിരിക്കാൻ തുടങ്ങിയതെന്നാവും ബാല​ഗോപാൽ പറയുന്നത് കേട്ടാൽ തോന്നുക. സംസ്ഥാനത്തിന് ചരക്ക് സേവന നികുതി പിരിവിൽ 30 ശതമാനം വർദ്ധനവുണ്ടാകുമെന്ന് ​ഗീർവാണമടിക്കുകയും നികുതി പിരിവ് വർദ്ധന 14 ശതമാനത്തിൽ താണ ശേഷം കുറഞ്ഞ തുക നഷ്ടപരിഹാരമായി നൽകണമെന്നാവശ്യപ്പെടുന്നതും ഇവരാണല്ലോ. കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതിച്ചെടുക്കുന്ന ജി.എസ്.ടി പിരിവിൽ വർദ്ധന 14 ശതമാനത്തിൽ താഴെയാണെങ്കിൽ സംസ്ഥാനത്തിന് നഷ്ടപരിഹാരം നൽകുന്നത് എവിടെ നിന്നാണ്? അത് കേന്ദ്രത്തിന് മാത്രം കിട്ടുന്ന സെസിൽ നിന്നു തന്നെ. തങ്ങൾക്ക് നഷ്ടപരിഹാരം കിട്ടാൻ സെസ് വേണം. പെട്രോളിന് സെസും റോ‍ഡ് നികുതിയൊന്നും വേണ്ട എന്നത് എവിടത്തെ ന്യായമാണ് ബാല​ഗോപാലൻ സഖാവേ.
ഇതുവരെ പെട്രോൾ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐക്കാരെക്കൊണ്ടും സി.ഐ.ടി.യുക്കാരെക്കൊണ്ടുമൊക്കെ സമരം ചെയ്യിച്ചിട്ട് ഇപ്പോൾ സംസ്ഥാന നികുതി കുറയ്ക്കാത്തതിന് എന്തൊക്കെ കപടന്യായമാണ് നമ്മുടെ ധനമന്ത്രി പറയുന്നത്!''- സുരേന്ദ്രന്‍ ചോദിച്ചു.

കേരളം ഒഴികെയുള്ള ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും പെട്രോൾ- ഡീസലിന്റെ സംസ്ഥാന നികുതി കുറച്ചു കഴിഞ്ഞു. അവിടെയെല്ലാം വില കുറയുകയാണ്. കണ്ണൂരിലും കോഴിക്കോടുമുള്ളവർ തൊട്ടടുത്ത് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാ​ഗമായ മാഹിയിലെത്തിയാണ് പെട്രോൾ അടിക്കുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളും ജനങ്ങൾക്ക് ആശ്വാസം നൽകാൻ നികുതി ഭാരം കുറച്ചപ്പോൾ ഇവിടത്തെ ധനമന്ത്രി മാത്രം വാചക ക്കസർത്ത് നടത്തുകയാണ്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന അയൽ സംസ്ഥാനമായ തമിഴ്നാടിലെ സർക്കാർ അധികാരത്തിൽ വന്ന ഉടനെ പെട്രോളിന് 3 രൂപ കുറച്ചു. 2014ൽ ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ ഇത്രയായിരുന്നു പെട്രോളിന് കേന്ദ്രം ഈടാക്കിയ നികുതി, ഇപ്പോളെത്രയാണ് എന്ന കണക്കുമായി ചില ഇടതു സുഹൃത്തുക്കൾ രം​ഗത്തിറങ്ങിയിട്ടുണ്ട്. 2014ൽ ബി.ജെ.പി അധികാരത്തിലെത്തുന്നതിന് തൊട്ടുമുമ്പ് കേരള സർക്കാരിന് എത്രരൂപയാണ് ഒരു ലിറ്റർ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും നികുതിയായി കിട്ടിയത്, ഇപ്പോഴെത്രയാണ് കിട്ടുന്നത് എന്ന കണക്കുകൂടി ബാല​ഗോപാൽ തന്റെ ലേഖനത്തിൽ ചേർക്കണമായിരുന്നു.

ഇതിനിടയിൽ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാൻ കോൺ​ഗ്രസുകാരുമിറങ്ങിയിട്ടുണ്ട്. 2013-14 ൽ അന്നത്തെ യു.പി.എ സർക്കാർ ഇറക്കിയ 1.34 ലക്ഷം കോടിയുടെ പെട്രോളിയം ബോണ്ടിന്റെ കഥ ആരും മറക്കരുത്. അന്ന് നിങ്ങൾ ബോണ്ടുവഴി എടുത്ത തുകയും പലിശയും ബി.ജെ.പി സർക്കാരാണ് അടച്ചു തീർക്കുന്നത്. പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറയ്ക്കാൻ പെട്രോളിയം കമ്പനികൾക്ക് സബ്സിഡി നൽകാൻ ബഡ്ജറ്റിൽ പണം നീക്കിവെക്കുന്നതിന് പകരം എടുത്ത നടപടിയായിരുന്നു ഈ ബോണ്ടിറക്കൽ. മുതലും പലിശയുമടക്കം രണ്ടരലക്ഷം കോടിയോളം രൂപ ബി.ജെ.പി സർക്കാർ തിരിച്ചടയ്ക്കണം.

കഴ‍ിഞ്ഞ ഏഴ് വർഷം കൊണ്ട് 70,195 കോടി രൂപ കൊടുത്തുകഴിഞ്ഞു. ഈ വർഷം 10,000 കോടിയും അടുത്ത വർഷം 31,150 കോടിയും തുടർന്നുള്ള വർഷങ്ങളിൽ 52,860 കോടിയും 36,913 കോടിയും തിരിച്ചുകൊടുക്കണം. ഇതൊക്കെ പെട്രോൾ നികുതിയിൽ നിന്ന് എടുത്താണ് കൊടുക്കുന്നത്. കേന്ദ്രനികുതിയുടെ 42 ശതമാനവും സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നു. റവന്യൂ കമ്മി നികത്താൻ ​ഗ്രാന്റ് തരുന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്രബഡജറ്റ് വിഹിതം നൽകുന്നു. ഇതിനൊക്കെ തുക വേണ്ടേ? എന്തിനെയും കണ്ണടച്ചിരുട്ടാക്കാൻ ശ്രമിക്കുന്ന നിലപാട് തിരുത്തുകയാണ് എൽ.ഡി.എഫും യു.ഡി.എഫും ഇനിയെങ്കിലും ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

k surendran
Advertisment