ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്നു! ജീവിത ശൈലി രോഗ രജിസ്ട്രി തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ്; 30 വയസ് കഴിഞ്ഞവരില്‍ ജീവിതശൈലി രോഗ നിര്‍ണയ സര്‍വേ നടത്തുമെന്ന് ആരോഗ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടുകൂടി ഓരോ വീടും സന്ദര്‍ശിച്ച് 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ജനങ്ങളുടെയും ജീവിതശൈലി രോഗങ്ങളെ കുറിച്ചും അവയിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളെ കുറിച്ചും ഒരു ഡേറ്റ ശേഖരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ഈ ഡേറ്റ സമാഹരണത്തിനുള്ള ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ ഹെല്‍ത്തിന്റെ സഹായത്തോടുകൂടി വികസിപ്പിച്ച് വരികയാണ്. ഇങ്ങനെ ഓരോ വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഡേറ്റ പഞ്ചായത്ത് തലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ക്രോഡീകരിച്ച് കേരളത്തിന്റേതായ ഒരു ജീവിതശൈലി രോഗ രജിസ്ട്രിയാണ് തയ്യാറാക്കുന്നത്.

കേരളത്തിലെ എല്ലാ ജനങ്ങളുടെയും ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര സര്‍വേയായിരിക്കുമിത്. പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും ഈ രോഗങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിനും രോഗം കണ്ടെത്തിയവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിന് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ഒരു സമഗ്രമായ ജീവിതശൈലി രോഗ ക്യാമ്പയിന്റെ ഭാഗമായാണ് ഈ സര്‍വേ നടത്തുന്നത്.

പ്രമേഹം, രക്താതിമര്‍ദ്ദം, സി.ഒ.പി.ഡി. തുടങ്ങിയ രോഗങ്ങളും ഓറല്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം, സര്‍വൈക്കല്‍ കാന്‍സര്‍ തുടങ്ങിയ കാന്‍സറുകളുടേയും നിര്‍ണയമാണ് ഈ ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.

ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളായ അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി, മദ്യം, ലഹരി തുടങ്ങിയവയോടുള്ള ആസക്തി, മാനസിക പിരിമുറുക്കം ഇവയെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിനും അവരില്‍ ഒരു പുതിയ ജീവിതചര്യ സൃഷ്ടിക്കുന്നതിനും ഈ ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നു.

ഈ സര്‍വേയിലൂടെ കണ്ടെത്തുന്ന എല്ലാ രോഗികള്‍ക്കും മതിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനും ഇതുവരെ രോഗനിര്‍ണയം നടത്തിയിട്ടില്ലാത്ത ജനങ്ങള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിക്കുന്നതിനും അതിലൂടെ പുതിയ രോഗികളെ നേരത്തെ കണ്ടെത്തുന്നതിനും ഈ ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നു. ഈ ക്യാമ്പയിന്റെ ഭാഗമായി ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി നവംബര്‍ 16ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

veena george
Advertisment