/sathyam/media/post_attachments/13Er7CS30a3DfpK81sUN.jpg)
കൊച്ചി: എറണാകുളത്ത് മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ച കേസില്‍ കാര്‍ ഡ്രൈവര്‍ അബ്ദുറഹ്‌മാനെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി വീണ്ടും നോട്ടീസ് അയക്കാനും പൊലീസ് തീരുമാനിച്ചു.
നേരത്തെ, അന്‍സി കബീറിന്റെയും സുഹൃത്തുക്കളുടെയും അപകടമരണത്തിന് കാരണം മത്സരയോട്ടമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ ഷൈജു മത്സരയോട്ടം നടന്നതായി മൊഴി നല്‍കിയിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ അബ്ദുറഹ്‌മാന്റെ പ്രാഥമിക മൊഴിയും സമാനമാണ്. ചികിത്സയിലായിരുന്ന അബ്ദുറഹ്‌മാന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. മൊഴിയില്‍ വൈരുധ്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കും.
അബ്ദുറഹ്‌മാന്‍ നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ഔഡി കാറോടിച്ച ഷൈജുവിനെതിരെയുള്ള നിയമ നടപടി. ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം, രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഹോട്ടല്‍ ഉടമ റോയ് ഹാജരായിട്ടില്ല. ഇയാളെ വീണ്ടും നോട്ടീസയച്ച് വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.