തിരുവനന്തപുരം: പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്ന് രാവിലെ എട്ടേകാലോടെയായിരുന്നു സന്ദർശനം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. രാജു ഒപ്പമുണ്ടായിരുന്നു.
അത്യാഹിത വിഭാഗം, വിവിധ ഒ പികള്‍, വാര്‍ഡുകള്‍, പേ വാര്‍ഡുകള്‍, ഇസിജി റൂം എന്നിവ സന്ദര്‍ശിക്കുകയും രോഗികളുടേയും ജീവനക്കാരുടേയും പാരാതികള്‍ കേള്‍ക്കുകയും ചെയ്‌തു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്‌ടറോടൊപ്പം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്.
മന്ത്രിയുടെ കുറിപ്പ്...
ആശുപത്രികളുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയാണ് മുന്നറിയിപ്പില്ലാതെ ആശുപത്രി സന്ദർശനം നടത്തുന്നതിന് തീരുമാനിച്ചത്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളും ഇത്തരത്തിലുള്ള അപ്രതീക്ഷിത സന്ദർശനങ്ങൾക്ക് പ്രേരണ നൽകുന്നു. ഇന്ന് രാവിലെ എട്ടേകാലോടെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ മുന്നറിയിപ്പില്ലാതെ സന്ദർശനം നടത്തി.
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. രാജുവിനെയും ഒപ്പം കൂട്ടി. രാവിലെ 8 മണിക്ക് ആരംഭിക്കേണ്ട ഒ.പി. വിഭാഗങ്ങൾ കൂടാതെ വാർഡുകൾ തുടങ്ങിയ സന്ദർശിച്ചു. ലിസ്റ്റിലുള്ള ഇ.സി.ജി. ടെക്‌നീഷ്യനെ ആശുപത്രി വികസന സമിതി നിശ്ചയിച്ചിട്ടുള്ള പ്രകാരം അടിയന്തരമായി നിയമിച്ച് ഇ.സി.ജി. സംവിധാനം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പ് ഡയറക്ടറിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.