തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്ത്. മുല്ലപ്പെരിയാറിൽ പിണറായി വിജയൻ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും മധ്യകേരളത്തിലെ ജനങ്ങളുടെ ജീവൻ വെച്ച് പന്താടരുത്തെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
/sathyam/media/post_attachments/K8YWpnSzJ7wBpax006AG.jpg)
ഫേസ്ബുക്ക് പോസ്റ്റ്...
മുല്ലപ്പെരിയാറിൽ പിണറായി വിജയൻ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം. മധ്യകേരളത്തിലെ ജനങ്ങളുടെ ജീവൻ വെച്ച് പന്താടരുത്.
മരംമുറി വിഷയത്തിൽ ഉരുണ്ടു കളിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിന് അപമാനമാണ്. കോടതി വിധി തമിഴ്നാടിനനുകൂലമാക്കാവുന്ന വിധത്തിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവനകളിൽ ദുരൂഹതയുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്താനും ഒപ്പം പുതിയ ഡാമിന് വേണ്ടിയും കേരളം ആവശ്യമുയർത്തുമ്പോൾ ജലനിരപ്പ് 152 അടിയാക്കാനുള്ള തമിഴ്നാടിൻ്റെ ശ്രമങ്ങൾക്ക് കുട പിടിക്കുന്ന സമീപനമാണ് പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്.
വകുപ്പിൽ നടന്നതൊന്നും താനറിഞ്ഞില്ല എന്ന് ആവർത്തിച്ചു പറയുന്ന വനംമന്ത്രിയെ വെച്ച് ആരാണ് പാവകളി നടത്തുന്നത്? എന്തിനാണ് കേരളത്തിന് ഇങ്ങനൊരു മന്ത്രി?എന്തു ചോദിച്ചാലും "എനക്കറിയില്ല" എന്ന മറുപടിയുമായി എത്രനാൾ പിണറായി മുന്നോട്ട് പോകും? മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന ജില്ലകളിലെ എൽ ഡി എഫ് എം എൽ എ മാരുടെ മൗനവും വഞ്ചനാപരമാണ്.
മരം മുറിക്കാൻ അനുമതി കൊടുത്ത് കേരളത്തെ ചതിച്ചിട്ട് നാണവും മാനവും ഇല്ലാതെ ജനങ്ങളോട് കള്ളം പറഞ്ഞ മുഖ്യമന്ത്രി നിരുപാധികം മാപ്പ് പറയണം. അൽപമെങ്കിലും ധാർമികത ഉണ്ടെങ്കിൽ മന്ത്രി പദവി വെറും അലങ്കാരമായി കൊണ്ടു നടക്കുന്ന എ കെ ശശീന്ദ്രൻ ഉടൻ രാജിവെയ്ക്കണം.ദുരൂഹതകൾ നീക്കാനും സത്യം പുറത്തു കൊണ്ടുവരാനും ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം.
മറക്കരുത്,
മുല്ലപ്പെരിയാറിൽ ആദ്യമായി ഭീതി പടർത്തിയത് പിണറായി വിജയനും വി.എസും ഒക്കെ അടങ്ങുന്ന സി പി എം തന്നെ ആയിരുന്നു. തലയ്ക്കു മീതെ ജലബോംബുമായി ഉറക്കം നഷ്ടപ്പെട്ട് കഴിയുന്ന ഒരു ജനതയെ ചതിക്കാൻ പിണറായി വിജയൻ ഇറങ്ങിയാൽ നിരാലംബരായ ആ പാവങ്ങളുടെ ശബ്ദമാകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിലുണ്ടാകും.