/sathyam/media/post_attachments/U1AL8xEDZ9SzQgciCGJe.jpg)
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഹോട്ടല്‍ ജീവനക്കാര്‍. മോഡലുകൾ ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കായലിലെറിഞ്ഞെന്ന് ഇവർ പൊലീസിനോടു പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിജിറ്റൽ വിഡിയോ റെക്കോർഡർ (ഡിവിആർ) നശിപ്പിച്ചതിനാണ് ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ വയലാട്ട് റോയി ജോസഫിനെയും ജീവനക്കാരായ കെ.കെ. അനില്‍, വില്‍സന്‍ റെയ്നോള്‍ഡ്, എം.ബി. മെല്‍വിന്‍, ജി.എ. സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവരെയും പാലാരിവട്ടം പൊലീസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച രാത്രിയാണ് ആറു പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. റോയിയെ ചൊവ്വാഴ്ച 11 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
പാലാരിവട്ടം ബൈപ്പാസില്‍ നടന്ന അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തും കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചിരുന്നു. കാര്‍ ഓടിച്ചിരുന്ന റഹ്‌മാന്‍ മാത്രമാണ് രക്ഷപ്പെട്ടത്.
അപകടം നടന്നതിന് പിന്നാലെ ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ റോയിയുടെ നിര്‍ദേശപ്രകാരം മാറ്റിയെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരുടെ മൊഴി.