തിരുവനന്തപുരം: ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ തയാറാകാത്ത പിണറായി സര്‍ക്കാരിനെതിരെ മൂന്നാംഘട്ടത്തില്‍ മണ്ഡലം തലത്തിലും നാലാം ഘട്ടത്തില്‍ ബൂത്ത് തലത്തിലും പ്രക്ഷോഭം അഴിച്ചുവിടുമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
എന്നിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും. സമരം ചെയ്യിച്ചേ മുഖ്യമന്ത്രി അടങ്ങൂ എങ്കില്‍ കോണ്‍ഗ്രസ് അതിനും തയാറാണ്. ഇന്ധന വില കുറയ്ക്കാത്ത കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച മാര്‍ച്ചിന്റെയും ധര്‍ണയുടെയും സംസ്ഥാനതല പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധനവില നികുതി കുറയ്ക്കാത്തത് സംബന്ധിച്ച് മറുപടിയാന്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ബാധ്യതയുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇരുവരും അതിന് തയ്യാറാകുന്നില്ല. ഓരോ ദിവസവും പറയുന്നത് മാറ്റിപ്പറയുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളം ഭരിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.