കോഴിക്കോട്: ജനവിരുദ്ധ നിയമങ്ങളും പദ്ധതികളും സർക്കാർ കൊണ്ടു വരുമ്പോൾ ജനരോഷം കൊണ്ട് മുട്ടു കുത്തേണ്ടി വരും എന്നത് കാർഷിക ബിൽ മോദി സർക്കാർ പിൻവലിച്ചത് വഴി ഒന്നു കൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ സർക്കാരിൻ്റെ കെ റെയിൽ പദ്ധതിയും ഇതുപോലോരു ജനദ്രോഹ പദ്ധതിയാണെന്നും ചെന്നിത്തല പറഞ്ഞു.
കെ റെയിൽ പദ്ധതിക്കെതിരെ കോഴിക്കോട് ഡി.സി. സി സംഘടിപ്പിച്ച പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ഭവനരഹിതരാക്കി അവരുടെ വീടും സ്ഥലവും ഏറ്റെടുത്തു കെട്ടിയുയർത്താൻ പോകുന്ന കെ റെയിൽ പാത ജനപിന്തുണയോടെ കൂടി യു.ഡി.എഫ് ചെറുത്തു നിർത്തും.
കേരളത്തെയും കേരള ജനതയെയും കടക്കെണിയിൽ പെടുത്തി കേരളത്തിൻ്റെ സാമ്പത്തിക തകർച്ചയ്ക്ക് നേതൃത്വം കൊടുത്ത ഈ സർക്കാർ വീണ്ടും കടമെടുത്തു ജന ഹിതത്തിന് വിരുദ്ധമായ ഒരു പദ്ധതി കൊണ്ടു വരികയാണ്.
ഞങ്ങൾ വികസനത്തിന് എതിരല്ല. ജനങ്ങളുടെ ആവശ്യവും, വികാരവും മനസ്സിലാക്കി അതനുസരിച്ചുള്ള വികസനമാണ് നമുക്ക് വേണ്ടത്.
കഴിഞ്ഞ അഞ്ചു വർഷമായി പിണറായി വിജയൻ സർക്കാർ മുന്നോട്ടു വച്ച ഇതുപോലുള്ള ജനവിരുദ്ധ പദ്ധതികൾ പ്രതിപക്ഷത്തിൻ്റെ ശക്തമായ ഇടപെടൽ കാരണം നിർത്തിവെച്ച് യൂ ടേൺ അടിക്കേണ്ടി വന്നിട്ടുണ്ട്. കെ റെയിൽ പദ്ധതിയും ജനപക്ഷത്തു നിന്ന് പ്രതിപക്ഷം തടയും എന്നതിന് ഒരു സംശയവും വേണ്ട. സിൽവർ ലൈൻ എന്ന പേരിൽ പിണറായി സർക്കാർ കൊട്ടി ആഘോഷിച്ചു മുന്നോട്ടു കൊണ്ടു വരുന്ന സിൽവർ ലൈൻ എന്ന ഈ പദ്ധതി സർക്കാരിൻ്റെ ബ്ലാക്ക് മാർക്ക് ആയി മാറുമെന്നും ചെന്നിത്തല പറഞ്ഞു.