ദുരന്തമേഖലകളിൽ 'സ്നേഹനിർഭരം' പദ്ധതിയുമായി എം.ജി. സർവ്വകലാശാല ! ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി പ്രത്യേക ദൗത്യ സംഘം രൂപീകരിക്കും. കൂട്ടിയ്ക്കൽ, മുണ്ടക്കയം, കൊക്കയാർ പഞ്ചായത്തുകളുടെ ശാസ്ത്രീയമായ പുനർനിർമ്മാണത്തിനും ജനജീവിതം സാധാരണ നിലയിലാക്കുന്നതിനും സഹായകമായ പദ്ധതികൾ തയ്യാറാക്കും ! പ്രളയ ദുരന്തത്തിൽ സർട്ടിഫിക്കറ്റുകളും മറ്റ് സർവ്വകലാശാല രേഖകളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് ഹെൽപ് ഡസ്കും

New Update

publive-image

കോട്ടയം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയിൽ ജീവനും സ്വത്തിനും വൻതോതിൽ നാശനഷ്ടം സംഭവിച്ച കോട്ടയം ജില്ലയിലെ കൂട്ടിയ്ക്കൽ, മുണ്ടക്കയം, ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തുകളുടെ ശാസ്ത്രീയമായ പുനർനിർമ്മാണത്തിനും അവിടങ്ങളിലെ ജനജീവിതം സാധാരണ നിലയിലാക്കുന്നതിനും സഹായകമായ പദ്ധതികൾ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

Advertisment

സർവ്വകലാശാലയുടെ വിവിധ വകുപ്പുകളിൽ ലഭ്യമായിട്ടുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ സമഗ്രമായ പദ്ധതികളായിരിക്കും ഇതിനായി തയ്യാറാക്കുക. പാരിസ്ഥിതികാഘാതങ്ങളെ കുറിച്ച് പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിന് സ്കൂൾ ഓഫ് എൻവയൺമെൻ്റൽ സയൻസസിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

'സ്നേഹനിർഭരം' എന്ന പേരിലുള്ള ഈ പദ്ധതിക്കു കീഴിൽ ദുരന്തത്തിൻ്റെ ആഘാതത്തിൽ മാനസികമായി തകർന്നവർക്ക് കൗൺസലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങളും നൽകും.
പ്രളയ ദുരന്തത്തിൽ സർട്ടിഫിക്കറ്റുകളും മറ്റ് സർവ്വകലാശാല രേഖകളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഏറ്റവും ഗുരുതരമായി ബാധിച്ച ഏന്തയാർ, മുണ്ടക്കയം എന്നീ പ്രദേശങ്ങളിൽ പ്രത്യേക ഹെൽപ്പ് ഡസ്ക്കുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി എൻ.സി.സി. കേഡറ്റുകളേയും എൻ.എസ്.എസ് വോളൻ്റിയർമാരെയും ഉൾപ്പെടുത്തി പ്രത്യേക ദൗത്യ സംഘത്തെ സജ്ജമാക്കാനും യോഗത്തിൽ തീരുമാനമായി.

'എം.ജി.യു ടീം ഓൺ ദ് സ്പോട്ട്‌' എന്ന പേരിലുള്ള രക്ഷാദൗത്യ സംഘത്തിന് ആവശ്യമായ പരിശീലനം നൽകാൻ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിലെ വിദഗ്ധരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സർവ്വകലാശാല നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോ - ഓർഡിനേറ്റർ ഡോ.രേഖാരാജ് ടീമിൻ്റെ ഏകോപനം നിർവ്വഹിക്കും.

Advertisment