/sathyam/media/post_attachments/yuPjWNaFSZJDhZIB8ZJ3.jpg)
തിരുവനന്തപുരം: ലോക് താന്ത്രിക് ദളിലെ വിമത നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. ജനറല്‍ സെക്രട്ടറി വി.സുരേന്ദ്രന്‍ പിള്ളയെ സസ്പെന്‍ഡ് ചെയ്തു. ഷെയ്ഖ് പി.ഹാരിസിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. സെക്രട്ടറിമാരായ അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെയും തല്‍സ്ഥാനങ്ങളില്‍ നിന്നു നീക്കി.
സമാന്തരയോഗം ചേർന്നതിൽ വിശദീകരണം നൽകാത്തതിനെ തുടർന്നാണ് സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്കുമാർ നാല് പേർക്കെതിരെയും നടപടിയെടുത്തത്. ഓൺലൈനായി ചേർന്ന എൽജെഡി നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്.
നാലാം തീയതി ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവില്‍ തുടര്‍ നടപടിയെടുക്കാനും ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ തീരുമാനിച്ചു. കെ.പി. മോഹനനും വര്‍ഗീസ് ജോര്‍ജുമടക്കം 26 ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.
എന്നാൽ നടപടിയെ തള്ളി സുരേന്ദ്രൻ പിള്ള രംഗത്തെത്തി. തങ്ങളെ സസ്പെൻഡ് ചെയ്യാൻ ശ്രേയാംസ് കുമാറിന് അധികാരമില്ലെന്നും തന്നെ നിയമിച്ചത് ദേശീയ അധ്യക്ഷൻ ശരത് യാദവാണെന്നുമാണ് നടപടികളോട് സുരേന്ദ്രൻ പിള്ളയുടെ പ്രതികരണം.