New Update
Advertisment
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകളുടെ പേരിലുള്ള കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിലൂടെ അറിയിച്ചു.
ഭരണത്തിന്റെ തണലിൽ ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന ഓഫീസ് ആക്രമിച്ച് അന്നത്തെ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ വധിക്കാൻ ശ്രമിച്ച സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. ഇത് പിൻവലിക്കാനുള്ള നീക്കത്തെ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും.
ഡിവൈഎഫ്ഐ ഗുണ്ടാ നേതാവിനെ രക്ഷിക്കാനാണ് സർക്കാർ കേസ് പിൻവലിക്കുന്നത്. അക്രമ രാഷ്ട്രീയത്തിന് സർക്കാർ തന്നെ ചൂട്ടുപിടിക്കുകയാണ്. സിപിഎമ്മിന് ഈ നാട്ടിൽ എന്തുമാകാമെന്ന ധാരണ ബിജെപി അനുവദിച്ചു തരില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.