Advertisment

'ഫാൻ സംസ്കാരത്തിന്റെ' രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല. ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല. ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല-ഫേസ്ബുക്കിലെ ഫാന്‍സ് പേജുകള്‍ തന്‍റെ അറിവോടെയല്ലെന്ന് എം. സ്വരാജ്‌

New Update

publive-image

Advertisment

കൊച്ചി: ഫേസ്ബുക്കില്‍ തന്‍റെ പേരിലുള്ള ഫാന്‍സ് പേജുകളും ഗ്രൂപ്പുകളും തന്‍റെ അറിവോ സമ്മതമോ ഇല്ലാത്തതാണെന്ന് സിപിഎം നേതാവ് എം സ്വരാജ്. 'ഫാൻ സംസ്‌കാരത്തിന്റെ ' രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ലെന്നും ഇന്നോളം താൻ ആരെയും ആരാധിച്ചിട്ടില്ലെന്നും സ്വയം ആരാധ്യനാണെന്ന് ഒരു നിമിഷം പോലും തോന്നിയിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദത്ത് വിവാദത്തിലെ അമ്മയായ അനുപമ, കെ.കെ രമ എംഎൽഎ എന്നിവരെ അപമാനിച്ചുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്വരാജിന്റെ പേരിലുള്ള ആരാധകകൂട്ടായ്മയിൽ നിന്നുള്ള പോസ്റ്റായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് സ്വരാജ് നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റ്...

"ഫാൻ സംസ്കാരത്തിന്റെ " രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല. ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല.

ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല.

എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ് ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവർത്തിയ്ക്കുന്നതായി പലരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്- ഫാൻസ് എന്ന പേരിലും അല്ലാതെയുമൊക്കെ -എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്. ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല.

നവ മാധ്യമങ്ങളിൽ പരിമിതമായ തോതിൽ മാത്രമാണ് ഇടപെടാറുള്ളത്. എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല. വല്ലപ്പോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്.

പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിയ്ക്ക് ഉത്തരവാദിത്തമുണ്ട്. അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്. എന്റെ പേരു കൂടി ചേർത്തു കൊണ്ട് ആരൊക്കെയോ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവർക്കു മാത്രമാണ്.

ഇത്തരം കാര്യങ്ങൾക്കെല്ലാം പരാതിയുമായി നടക്കാൻ കഴിഞ്ഞുവെന്നു വരില്ല. എന്നാൽ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു.

- എം.സ്വരാജ്

Advertisment