പത്തനംതിട്ടയിൽ പാർട്ടിക്കുള്ളിൽ കുലംകുത്തികളുണ്ട്, തിരുത്താൻ അറിയാം; കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ല-സിപിഎം ജില്ലാ സെക്രട്ടറി

New Update

publive-image

Advertisment

പത്തനംതിട്ട: പത്തനംതിട്ടയില്‍ പാര്‍ട്ടിക്കുള്ളില്‍ കുലംകുത്തികളുണ്ടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും ഇവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാമെന്നും ഉദയഭാനു പറഞ്ഞു.

ഇന്നലെയാണ് പത്തനംതിട്ട ഏരിയാ സമ്മേളനം തുടങ്ങിയത്. ഇന്ന് സമ്മേളനം അവസാനിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ രൂക്ഷമായ വിമർശനമാണ് സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിഭാഗം പ്രതിനിധികളും നടത്തിയത്. ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയടക്കം പാർട്ടി പ്രവർത്തകർ ചോദ്യം ചെയ്തു. മന്ത്രിയെ ഫോൺ വിളിച്ചാൽ എടുക്കുന്നു പോലുമില്ലെന്ന പരാതിയും പല പാർട്ടി പ്രവർത്തകരും ഉന്നയിച്ചിരുന്നു. ഈ വിമർശനങ്ങൾക്കെല്ലാമുള്ള മറുപടിയായാണ് ഉദയഭാനുവിന്റെ മുന്നറിയിപ്പ്.

മന്ത്രി വീണാ ജോര്‍ജിനെതിരായ വ്യക്തിഹത്യ 2016-ല്‍ തുടങ്ങിയതാണ്. 2016-ലും 2021-ലും തോല്‍പിക്കാന്‍ ശ്രമിച്ചവര്‍ പാര്‍ലമെന്ററി മോഹം ഉള്ളവരാണ്. വിശ്വാസികള്‍ക്ക് പാര്‍ട്ടി എതിരല്ലെന്നും ഉദയഭാനു വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി. വീണ ജോർജ് ജനപ്രതിനിധിയായ ശേഷം പാർട്ടി അംഗത്വത്തിൽ വന്ന ആളാണെന്ന് ഓർമ്മിപ്പിച്ച ജില്ലാ സെക്രട്ടറി അവർ സംഘടനാ ചട്ടക്കൂടിലേക്ക് വരാൻ സമയമെടുക്കും എന്നും കൂട്ടിച്ചേർത്തു.

വീണാ ജോര്‍ജിന്റെ വിജയം താല്‍പര്യപ്പെടാത്ത ചിലര്‍ പാര്‍ട്ടിയിലുണ്ടെന്ന പരാമര്‍ശം ഉള്‍പ്പെടുന്ന സംഘടനാ റിപ്പോര്‍ട്ട്, പൊതുചര്‍ച്ചയില്‍ വീണാ ജോര്‍ജിന് എതിരെ ഉയര്‍ന്നുവന്ന പരാതികളും വിമര്‍ശനങ്ങളും, ഇവ മാധ്യമവാര്‍ത്തകളായി എന്നീ മൂന്നു വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞത്.

Advertisment