കേരളത്തിന്റെ വികസനം ഒരിഞ്ചു മുന്നോട്ടു പോകാതിരിക്കാന്‍ അവിശുദ്ധ കൂട്ട്; സില്‍വര്‍ലൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണും- മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിന്റെ വികസനം തടയാൻ അവിശുദ്ധ കൂട്ടുകെട്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ചേർന്ന ഈ അവിശുദ്ധ കൂട്ടുകെട്ട് വികസനത്തിനെതിരെ ഒരേ സ്വരത്തിൽ സംസാരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനു മുന്നില്‍ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും. സമ്പൂര്‍ണ ഹരിത പദ്ധതിയായ സില്‍വര്‍ ലൈനിന് എതിരായ പ്രചരണങ്ങള്‍ മനഃപൂര്‍വമാണ്. കേരളത്തിന്റെ വികസനം ഒരിഞ്ചു മുന്നോട്ടു പോകാതിരിക്കാന്‍ അവിശുദ്ധ കൂട്ടുകെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പദ്ധതികള്‍ക്കെതിരായ അവിശുദ്ധ കൂട്ടുകെട്ടില്‍ ബി.ജെ.പിയും ഭാഗമായതുകൊണ്ട് കേന്ദ്രത്തെ കൊണ്ട് തലയിടീക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ റെയിൽ പദ്ധതി എല്ലാതരത്തിലും സ്വാഗതാർഹമായ പദ്ധതിയെന്ന് കേന്ദ്രവും സംസ്ഥാനവും കണ്ടതാണ്. 49% ഓഹരി കേന്ദ്രവും 51% ഓഹരി സംസ്ഥാനവും എടുത്തുകൊണ്ട് കമ്പനി രൂപീകരിച്ചു. അരലക്ഷത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകാനാവും. തൊഴിൽ സാധ്യത നോക്കിയാലും വലിയ പദ്ധതിയാണ്. ഇതിനെല്ലാം തുകകൾ വകയിരുത്തിയിട്ടുണ്ട്.

ഫെഡറൽ തത്വത്തിനെതിരായ കേന്ദ്ര സർക്കാർ നിലപാടു വലിയ തോതിൽ വേദനിപ്പിക്കുന്നു. കേന്ദ്രത്തിന്‍റെ ഔദാര്യമല്ല, അവകാശമാണു സംസ്ഥാനം ചോദിക്കുന്നത്. സിൽവർ ലൈൻ സമ്പൂർണ ഹരിത പദ്ധതിയാണെന്നും പരിസ്ഥിതിക്കു കോട്ടമുണ്ടാക്കുമെന്നതു തെറ്റായ പ്രചാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment