/sathyam/media/post_attachments/FqVzlgZxcRtuRwsWqmTN.jpg)
കോട്ടയം: അധികാരം പ്രയോഗിച്ചും, പോലീസിനെ ഉപയോഗിച്ചും കെ.റെയിൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെങ്കിൽ അത് കേരളത്തിൽ നടക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ റെയിൽ പദ്ധതിക്കെതിരെ ഐക്യജനാധിപത്യമുന്നണി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനത്തെ എതിർക്കുകയല്ല, വികസനം നാടിനെ തകർക്കരുത്. വിശദാംശങ്ങൾ ഒന്നും ജനങ്ങൾക്കുമുന്നിൽ വെളിപ്പെടുത്താതെയാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ഒരു പദ്ധതി ആരംഭിക്കുന്നതിന് ചില പ്രാരംഭ നടപടികൾ ഉണ്ട്. അത് ജനങ്ങൾ അറിയണം. ജനകീയ പങ്കാളിത്തം വേണമെങ്കിൽ ജനങ്ങളെ ഈ പദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കണം. ഇന്നുവരെ ഒന്നും ഈ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ കാര്യങ്ങളൊന്നും ജനങ്ങളെ അറിയിക്കാതെ രഹസ്യമായി നടത്താനുദ്ദേശിക്കുന്ന പദ്ധതിക്കെതിരെ ശക്തമായ പോരാട്ടം ഐക്യജനാധിപത്യമുന്നണി തുടങ്ങുന്നു. അതിന് പൊതുജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.