ഗണേഷ് ഏകപക്ഷീയമായി നീങ്ങുന്നെന്ന് വിമത വിഭാഗം; കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു; ബാലകൃഷ്ണപിള്ളയുടെ മകള്‍ ഉഷ മോഹന്‍ദാസിനെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്ത് വിമതര്‍

New Update

publive-image

Advertisment

കൊല്ലം: കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന വാദവുമായി വിമതര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. ഗണേഷ്‌കുമാര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് വിമതരുടെ ആരോപണം.

ആർ.ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷ മോഹൻദാസിനെ വിമതര്‍ പാർട്ടി ചെയര്‍പഴ്സനായി തിരഞ്ഞെടുത്തു. പാർട്ടി ഭരണഘടന പ്രകാരമല്ല ഗണേഷ് പ്രവർത്തിക്കുന്നത്. സംസ്ഥാന സമിതിയിലെ 74ൽ അധികം പേരുടെ പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് വിമതപക്ഷം അവകാശപ്പെട്ടു.

അച്ഛന്‍ ബാലകൃഷ്ണപിള്ളയുടെ മരണത്തിന് ശേഷം പാര്‍ട്ടി അന്യാധീനപ്പെട്ട അവസ്ഥയിലാണെന്നും കൊട്ടാരക്കര പോലും നാഥനില്ലാ കളരിയായി മാറിയെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധമാണ് തന്നെ ഈ സ്ഥാനത്ത് എത്തിച്ചതെന്നും അവര്‍ കൊച്ചിയിലെ യോഗത്തിന് ശേഷം പറഞ്ഞു.

തങ്ങള്‍ വിമത പക്ഷമല്ലെന്നും ഔദ്യോഗിക പക്ഷമാണെന്നും യോഗം ചേര്‍ന്ന് പുതിയ ചെയര്‍പേഴ്‌സണെ തിരഞ്ഞെടുത്തശേഷം ഇവർ അവകാശപ്പെട്ടു.

കുടുംബപരമായ കാര്യങ്ങൾ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് ഗണേഷ് കുമാറിനെതിരെ അഭിപ്രായങ്ങൾ പറഞ്ഞാൽ അത് വ്യക്തിപരമായി മാറും. ഗണേഷിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പാർട്ടി അംഗങ്ങളുടെ പരാതി നേരത്തേ തന്നെയുള്ളതാണ്. യോഗത്തിന്റെ തീരുമാനങ്ങൾ എൽഡിഎഫിനെ അറിയിക്കുമെന്നും ഉഷ മോഹൻദാസ് പറഞ്ഞു.

Advertisment