/sathyam/media/post_attachments/zAvT26nGCyvF91WV8Cxi.jpg)
തിരുവനന്തപുരം: ആലപ്പുഴയിലെ കൊലപാതകങ്ങൾ ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആലപ്പുഴയിലെ രാഷ്ടീയ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൊലപാതകം ആസൂത്രണംചെയ്ത് നടപ്പാക്കിയവരാണ് പൊലീസിനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
സമൂഹത്തിലാകെ ഭീതി പരത്തുന്ന സംഭവമാണ് ആലപ്പുഴയിലെ കൊലപാതകങ്ങള്‍. കേരളത്തിന്റെ സാമുദായിക മൈത്രി തകര്‍ക്കുന്ന തരത്തിലേക്ക് എത്തിക്കാനാണ് രണ്ട് വര്‍ഗീയ ശക്തികളും ശ്രമിക്കുന്നത്. ആസൂത്രിതമായ നീക്കങ്ങളാണ് എസ്ഡിപിഐയും ആര്‍എസ്എസും നടത്തുന്നത്.
ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമല്ല. ഓരോ പ്രദേശത്തും സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു. സിപിഎമ്മിൽ എസ്ഡിപിഐ നുഴഞ്ഞു കയറിയിട്ടില്ലെന്നു കോടിയേരി പറഞ്ഞു. മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെല്ലാം എസ്ഡിപിഐക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല.
സിപിഎം നേതാവ് എച്ച്. സലാമിന് എസ്ഡിപിഐ ബന്ധമെന്ന ആരോപണം ബോധപൂർവമാണ്. സിപിഎമ്മിൽ മത ന്യൂനപക്ഷങ്ങൾ പാടില്ലെന്ന നിലപാടിന്റെ ഭാഗമാണത്. സലാമിനെതിരേയുള്ള ആരോപണം അസംബന്ധമാണെന്നും കോടിയേരി പറഞ്ഞു.