കൊച്ചി: പി.ടി. തോമസ് എംഎല്‍എയുടെ സംസ്‌കാരച്ചടങ്ങിനെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇത്രയേറെ കാല്പനികമായ ഒരു മരണാനന്തര ചടങ്ങ് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രവർത്തകനോ, സാംസ്കാരിക പ്രവർത്തകനോ ഇക്കാലയളവിലെങ്ങും കിട്ടിയതായി വായിച്ചിട്ട് കൂടിയില്ലെന്ന് രാഹുല്‍ പറഞ്ഞു.
വെളുപ്പാൻ കാലത്ത് കേരള അതിർത്തി കടന്ന് ഇടുക്കിയുടെ മലമടക്ക് തൊട്ട് രവിപുരത്തെ ചിത വരെ അലമുറയിട്ടിവരും, ആർത്ത് വിളിച്ച് മുദ്രാവാക്യം വിളിച്ചവരുമൊക്കെ പി ടി യുടെ ജനകീയത സാക്ഷിപ്പെടുത്തുന്നുവെന്ന് രാഹുല്‍ വ്യക്തമാക്കി.
കുറിപ്പിന്റെ പൂര്‍ണരൂപം...
"ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം"
ഒരു മുദ്രാവാക്യം പോലെ ഇത്രയേറെ ആളുകൾ , പ്രാണൻ പിടയുന്ന വേദനയിൽ ആ ഗാനം ഒന്നിച്ച് പാടിയ മറ്റൊരു സാഹചര്യം ഉണ്ടായിക്കാണാനിടയില്ല......
വയലാറിന്റെ മരണത്തിൽ പോലും ആ ഗാനം ഇത്രയേറെ ചർച്ചയാക്കപ്പെടുകയോ, മൂളി പാടിയിട്ടില്ലാത്തവർ പോലും ആ പാട്ടിനായി ചുണ്ടനക്കിയിട്ടുണ്ടാവുകയോ ചെയ്തിട്ടില്ല... പി.സി പറഞ്ഞതു പോലെ, ആ പാട്ട് വയലാറിൽ നിന്നും, ദേവരാജൻ മാഷിൽ നിന്നും, യേശുദാസിൽ നിന്ന് പി.ടി കവർന്നെടുത്ത് കഴിഞ്ഞിരിക്കുന്നു....
ഇത്രയേറെ കാല്പനികമായ ഒരു മരണാനന്തര ചടങ്ങ് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രവർത്തകനോ, സാംസ്കാരിക പ്രവർത്തകനോ ഇക്കാലയളവിലെങ്ങും കിട്ടിയതായി വായിച്ചിട്ട് കൂടിയില്ല... വെളുപ്പാൻ കാലത്ത് കേരള അതിർത്തി കടന്ന് ഇടുക്കിയുടെ മലമടക്ക് തൊട്ട് രവിപുരത്തെ ചിത വരെ അലമുറയിട്ടിവരും, ആർത്ത് വിളിച്ച് മുദ്രാവാക്യം വിളിച്ചവരുമൊക്കെ പി ടി യുടെ ജനകീയത സാക്ഷിപ്പെടുത്തുന്നു...
ഈ പതിനായിരങ്ങൾ ഒഴുകിയെത്താൻ ആരാണ് പി.ടി. ? KPCC പ്രസിഡന്റോ , മുഖ്യമന്ത്രിയോ , മന്ത്രിയോ ഒന്നും ആയിട്ടില്ലാത്ത പി.ടി, ഇടം പിടിച്ചത് നിലപാടുകൾ കൊണ്ട് മാത്രമാണ്. കണ്ണ് പോലും അറിയാതെ, അനുവാദം വാങ്ങാതെ നിറഞ്ഞൊഴുകുവാൻ മാത്രം അയാൾ ഹൃദയത്തിന്റെ ഒരു മൂലയിൽ കയറിക്കൂടിയത് നിലപാട് പറഞ്ഞും, അതിൽ ജീവിച്ചുമാണ്.....
പി.ടി ഒരു നിത്യഹരിത കാമുകനായിരുന്നു , പ്രകൃതിയെയും, പുസ്തകത്തെയും, പ്രസ്ഥാനത്തെയും , ഉമേച്ചിയെയുമെല്ലാം പ്രണയിച്ച മനുഷ്യൻ, "കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരില്ലായെന്ന് പി.ടി. തെളിയിക്കുന്നു.
എന്റെ ചിന്തയത്രയും ഉമേച്ചിയെ പറ്റിയാണ്.
പി.ടി യുടെ തലയിലെ വിയർപ്പും, ശരീരത്തിന്റെ ഗന്ധവും പതിഞ്ഞ തലയിണയിൽ മുഖമമർത്തി കരയുമ്പോൾ ഇന്ന് രാത്രിയിൽ ഉമേച്ചിയുടെ മനസ്സിൽ കൂടി കടന്ന് പോകുന്നത് എന്തായിരിക്കും? മഹാരാജാസിലെ ആ KSU ക്കാരന്റെ മുദ്രാവാക്യം, പ്രസംഗം, പ്രണയം തൊട്ട് പി.ടി. അഗ്നിഗോളമായത് വരെയുള്ള എത്ര ഫ്രെയിമുകൾ ആ മനസ്സിൽ മിന്നി മായും.... പി.ടി യുടെ പാതിയല്ല, ഉമയുടെ പാതിയാണ് പി.ടി ....
എന്തിനാണവർ പലപ്പോഴും ജനസാഗരത്തെ നോക്കി നിറകണ്ണുകളോടെ കൈകൾ കൂപ്പിയത്? ആ ജനസാഗരമല്ലേ , അവർക്ക് മുന്നിൽ തൊഴുതു നില്ക്കണ്ടത്, അവരുടെ മാത്രമാകേണ്ടിയിരുന്ന ഒരു സ്നേഹസാഗരത്തെ പല ചാല് വെട്ടി ഓരോരുത്തരായി പങ്കിട്ടെടുത്തതിന്. മഹാരാജാസിൽ തൊട്ട് അവർ പരസ്പം കോറിയിട്ട എത്ര സ്വപ്നങ്ങൾ നാം സമയം കൊടുക്കാതെ കവർന്നെടുത്തിട്ടുണ്ടാകാം..
അവരുടെ ഒടുവിലെ യാത്രയെ പറ്റി അവർ കരുതിയ പോലെയാകുമോ ഇന്ന് സംഭവിച്ചിരിക്കുക.... പി.ടി. യോട് ഉമേച്ചിക്ക് പറയുവാൻ ബാക്കിവെച്ചതൊക്കെ പറയുന്നതിനിടയിൽ മുദ്രാവാക്യങ്ങൾ പ്രതിബന്ധം തീർത്തിട്ടുണ്ടാകുമോ? ചിതയെടുക്കും മുൻപ് ഒരിക്കൽ കൂടി ആ മുഖമർത്തി ചുംബിക്കണമെന്ന് ഉമേച്ചിക്ക് തോന്നിയിരിക്കുമോ?... പി ടി യുടെ സമ്പാദ്യങ്ങൾ വീതം വെക്കുവാനുള്ള സ്വതന്ത്ര്യ ഉത്തരവാദിത്ത്വം ഉമേച്ചിക്ക് എഴുതി വെച്ചാണ് പോയത്, ഇത് കുറച്ച് കൂടി നേരത്തെ ആയിരുന്നുവെങ്കിൽ ഉമേച്ചി സ്വന്തം പേരിൽ എഴുതിയെടുക്കുക " സമയം " ആയിരിക്കും.... ഇനി ആ ഓർമ്മകൾ പങ്കിട്ടെടുക്കാം......
പി.ടി ആളിക്കത്തി, അനേകരുടെ മനസിലേക്ക് തീ കോരി നിറച്ച്, ആ തീ ഒരു വെളിച്ചമാകും പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനുള്ള വെളിച്ചം....
അപ്പോഴും ഉമേച്ചിയുടെ മനസ്സിൽ ചിതയെരിയുന്നുണ്ടാകാം......