ഡി.വൈ.എസ്.പിയെ എ.എസ്.ഐ. "എറിഞ്ഞ്" തോല്പിച്ചു, എസ്.ഐ.യെ ഡി.വൈ.എസ്.പി. "ചാടിയും"

New Update

publive-image

എ.എസ്.ഐ. ഡി.വൈ.എസ്.പിയെ എറിഞ്ഞ് തോല്‍പ്പിച്ചു; വാശിക്ക് ഉയര്‍ന്ന് ചാടിയ ഡി.വൈ.എസ്.പി. എസ്.ഐ.യേയും തോല്‍പ്പിച്ചു. ഇന്നലെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കോട്ടയം ജില്ലാ പോലീസ് മീറ്റിലാണ് ഉദ്യോഗസ്ഥരുടെ 'വാശിയേറിയ' മത്സരങ്ങള്‍ നടന്നത്.

Advertisment

ഷോട്ട്പുട്ടില്‍ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ജനമൈത്രി എ.എസ്.ഐ. ബിനോയ് തോമസും പാലാ ഡി.വൈ.എസ്.പി. ഷാജു ജോസും തമ്മിലായിരുന്നു പൊരിഞ്ഞ മത്സരം. ഏറില്‍ കൂടുതല്‍ ദൂരം കണ്ട ബിനോയിക്ക് സ്വര്‍ണ്ണം കിട്ടിയപ്പോള്‍ വെള്ളി കിട്ടിയ ഡി.വൈ.എസ്.പി. ഷാജു ജോസിന് വാശിയായി; ഹൈജംപ് ആയിരുന്നു അടുത്തയിനം. എതിരാളികളില്‍ ഒരാള്‍ പാലാ എസ്.ഐ. ഷാജി സെബാസ്റ്റ്യന്‍. വാശിയോടെ സര്‍വ്വശക്തിയുമെടുത്ത് ഉയര്‍ന്ന് ചാടിയ ഡി.വൈ.എസ്.പി. ഷാജു ജോസിന് വെള്ളി കിട്ടിയപ്പോള്‍ എസ്.ഐ. ഷാജി നാലാം സ്ഥാനത്തായി.
അവിടെകൊണ്ടും ഡി.വൈ.എസ്.പി.യുടെ പോരാട്ടവീര്യം തളര്‍ന്നില്ല.

4x100 റിലേയായിരുന്നു അടുത്ത മത്സരം. കുതിച്ചുപാഞ്ഞ ഓട്ടത്തിനൊടുവില്‍ സ്വര്‍ണ്ണവുമായി ഡി.വൈ.എസ്.പി. മടങ്ങിയെത്തിയപ്പോള്‍ മത്സരം കാണാന്‍ മുനിസിപ്പല്‍ ഗ്രൗണ്ടില്‍ യൂണിഫോമില്‍ എത്തിയ പാലാ സി.ഐ. കെ.പി. ടോംസണും ആഹ്ലാദമടക്കാനായില്ല; ഹീയാ ഹൂവാ പാലാ ടീം. സി.ഐ. ടോംസണ്‍ വിളിച്ചുകൊടുത്ത മുദ്രാവാക്യം ഡി.വൈ.എസ്.പി. ഉള്‍പ്പെടെയുള്ള ടീമംഗങ്ങള്‍ ആര്‍ത്തുവിളിച്ചു.

കോട്ടയം ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളും ജില്ലാ ഹെഡ്ക്വാര്‍ട്ടര്‍ ടീമും മാറ്റുരച്ച മീറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് പാലാ സബ്ഡിവിഷനും ജില്ലാ ഹെഡ്ക്വാര്‍ട്ടറും. മൂന്ന് കാറ്റഗറികളില്‍ 46 ഇനങ്ങളിലായി 150-ഓളം പേര്‍ മത്സരരംഗത്തുണ്ടായിരുന്നു. ഇന്നാണ് (28.12) അന്തിമ ഫലപ്രഖ്യാപനം.

നിലവില്‍ 195 പോയിന്റ് ജില്ലാ ഹെഡ്ക്വാര്‍ട്ടറിനും 188 പോയിന്റ് പാലാ സബ് ഡിവിഷനുമുണ്ട്. ഏതാനും മത്സരങ്ങളുടെ ഫലം വരാനുണ്ട്. ചില തര്‍ക്കങ്ങളുമുണ്ട്. ഇതിനൊക്കെ വ്യക്തത വരുമ്പോള്‍ ചാമ്പ്യന്‍മാരെ പ്രഖ്യാപിക്കും. ജില്ലയില്‍ ആദ്യമായി പോലീസ് മീറ്റില്‍ ചാമ്പ്യന്‍മാരാകുമെന്നുള്ള പ്രതീക്ഷയിലാണ് തങ്ങളെന്ന് പാലാ സബ് ഡിവിഷനെ നയിച്ച ഡി.വൈ.എസ്.പി ഷാജു ജോസ് പറഞ്ഞു.

ഗെയിംസ് മത്സരങ്ങള്‍ കഴിഞ്ഞയാഴ്ച കഴിഞ്ഞിരുന്നു. ഇന്നലെ നടന്ന ട്രാക്ക് & ഫീല്‍ഡ് മത്സരങ്ങള്‍ കൊച്ചി റേഞ്ച് ഡി.ഐ.ജി. നീരജ് കുമാര്‍ ഗുപ്തയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡി. ശില്പ, അഡീ. എസ്.പി. എസ്. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment