ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാനാകില്ലെന്ന് പൊലീസ്; മദ്യം റോഡരികില്‍ ഒഴിച്ച് കളഞ്ഞ് പ്രതിഷേധിച്ച് വിദേശി! പുതുവത്സരത്തലേന്ന് വിദേശിക്ക് ദുരനുഭവം നേരിടേണ്ടി വന്നത് കോവളത്ത്; പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു-വീഡിയോ

New Update

publive-image

തിരുവനന്തപുരം : കോവളത്ത് ന്യൂഇയർ ആഘോഷത്തിനായി ബീവറേജിൽ നിന്നും മദ്യം വാങ്ങിയ വിദേശിയെ വഴിയിൽ തടഞ്ഞ് പോലീസ്. വാങ്ങിയ മദ്യത്തിന്റെ ബില്ല് കാണിക്കാൻ നിർബന്ധിച്ചു. മദ്യത്തിന്റെ ബില്ല് ചോദിച്ച പോലീസ് ബില്ല് ഇല്ലെങ്കില്‍ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാട് എടുത്തു. ഇതോടെ വിദേശി മദ്യം റോഡരികില്‍ ഒഴിച്ചു കളഞ്ഞ് പ്രതിഷേധിച്ചു. അതോടൊപ്പം പ്ലാസ്റ്റിക് മദ്യക്കുപ്പി റോഡില്‍ ഉപേക്ഷിക്കാതെ അദ്ദേഹം മാതൃക കാണിക്കുകയും ചെയ്തു.

Advertisment

ഡച്ച് പൗരനായ സ്റ്റീവിനാണ് പുതുവര്‍ഷത്തലേന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. കുറച്ചു ദിവസമായി ഇദ്ദേഹം കോവളത്താണ് താമസം. താമസ സ്ഥലത്തെ ന്യൂഇയർ ആഘോഷത്തിനായി രണ്ട് കുപ്പി മദ്യമാണ് അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നത്. ഇത് രണ്ടും ഒഴിച്ചു കളഞ്ഞ ശേഷം കുപ്പികൾ തിരികെ ബാഗിൽ ഇട്ടു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മദ്യം റോഡില്‍ ഒഴുക്കിയ സ്റ്റീവ് പ്ലാസ്റ്റിക് കുപ്പി തിരികെ ബാഗില്‍ വെക്കുന്നതും വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നത് കണ്ട പൊലീസ് ബില്‍ വാങ്ങി വന്നാല്‍ മതിയെന്നും മദ്യം കളയേണ്ടതില്ലെന്ന് പറയുന്നത് കേള്‍ക്കുകയും ചെയ്യാം. പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ തിരികെ കടയില്‍ പോയി ബില്ല് വാങ്ങിയെത്തിയ സ്റ്റീവ് അത് പോലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

വീഡിയോ ദൃശ്യങ്ങള്‍ക്ക് കടപ്പാട്: റിക്‌സണ്‍ എടത്തില്‍/ഫേസ്ബുക്ക്‌

Advertisment