/sathyam/media/post_attachments/FvtHbFAVWgnGxVABNOaU.jpg)
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിനിധികള്‍. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും വിമര്‍ശനമുയര്‍ന്നു.
കെടിഡിസി ചെയർമാൻ പി.കെ.ശശിക്കെതിരെ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. കെടിഡിസി ചെയർമാൻ ആയതിന് ശശി പത്രത്തിൽ പരസ്യം നൽകിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. സാധാരണ മറ്റ് നേതാക്കന്‍മാര്‍ക്ക് ഇല്ലാത്ത പരിഗണനയാണ് പി.കെ ശശിക്ക് ലഭിച്ചതെന്നായിരുന്നു സമ്മേളനത്തിൽ ഉയർന്ന വിമര്‍ശനം.
ജില്ല നേതൃത്വത്തിനെതിരെയും സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. കണ്ണമ്പ്ര ഭൂമിയിടപാടിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ചില പ്രതിനിധികൾ വിമർശനമുയർത്തി. ഒറ്റപ്പാലത്തെ സഹകരണ ബാങ്ക് അഴിമതിയിൽ കൂടുതൽ നടപടിയില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. സംസ്ഥാന കമ്മറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസിനെതിരെയും വിമര്‍ശനമുയര്‍ന്നു.