/sathyam/media/post_attachments/eS0KZyykdtRXPhLAV723.jpg)
കൊച്ചി: സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടി നിലപാട് താനും കെപിസിസി പ്രസിഡന്റും പറയുന്നതാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് തുറന്നടിച്ചതോടെ ഡിലിറ്റ് വിവാദത്തിലടക്കം സജീവമായ രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായി അതു മാറി.
കേരളാ സര്‍വകകലാശാലയുടെ ഓണററി ഡിലിറ്റ് രാഷ്ട്രപതിക്ക് നല്‍കുന്നതിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്ത വിഷയത്തെ ചൊല്ലിയാണ് നിലവില്‍ പ്രതിപക്ഷത്ത് പോര് രൂക്ഷമായത്. ഗവര്‍ണറെ സംരക്ഷിക്കുന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല നടത്തിയത്. രാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചുവെന്ന വിധത്തിലായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.
എന്നാല്‍ പ്രതിപക്ഷ നേതാവാകട്ടെ ഗവര്‍ണര്‍ക്കെതിരായ നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചത്. ഗവര്‍ണറുടെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു വിഡി സതീശന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഈ വിഷയത്തിലെ വിരുദ്ധ നലപാട് ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് തള്ളിയത്.
മുതിര്‍ന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം. എന്നാല്‍ താനും കെപിസിസി പ്രസിഡന്റും പറയുന്നതാണ് പാര്‍ട്ടി നിലപാട്. ഡി ലിറ്റ് വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ നേതാക്കളുമായി ചര്‍ച്ച ചെയ്താണ് അഭിപ്രായം പറഞ്ഞതെന്നും വി ഡി സതീശന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ട് അഭിപ്രായം പറഞ്ഞിട്ടില്ല. ഇതുവരെ ഒരു കാര്യത്തിലും രണ്ടപ്രായം പറഞ്ഞിട്ടില്ല. കൂടിയാലോചന നടത്തി ഒറ്റ അഭിപ്രായമേ പറയാറുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. സൂപ്പര്‍ പ്രതിപക്ഷ നേതാവ് ചമയാന്‍ ചില മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്ന ആക്ഷേപം നേരത്തെ തന്നെ പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് മുന്‍കൈയെടുത്ത് കൊണ്ടുവരുന്ന വിഷയങ്ങളെ ഒതുക്കാനുള്ള നീക്കവും ചിലര്‍ നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ആക്ഷേപങ്ങളെ സാധൂകരിക്കുന്നതാണ് നിലവിലെ വിവാദങ്ങള്‍.