/sathyam/media/post_attachments/ye8VkSzLqjtqMcoomU1t.jpg)
കൊച്ചി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് സി.പി.ഐ. എം.പി. ബിനോയ് വിശ്വം. കൊച്ചിയില്‍ നടന്ന പി.ടി. തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കാതൽ നെഹ്‌റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതിൽ കോൺഗ്രസ് പാർട്ടിക്ക് അപചയം ഉണ്ടായി. കോൺഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാൽ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോൺഗ്രസ്സിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ എന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, ബി.ജെ.പി.-ആര്‍.എസ്.എസ്. സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കു മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകാന്‍ പോകുന്ന ശൂന്യതയേപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങള്‍. അതുകൊണ്ട് പറയുകയാണ്, കേരളത്തിലെ തര്‍ക്കങ്ങളെല്ലാം ഇരിക്കത്തന്നെ ഞാന്‍ പറയുന്നു- കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ തകര്‍ച്ചയുടെ ശൂന്യത നികത്താനുള്ള കെല്‍പ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിനില്ല.
നെഹ്‌റുവിനെ ഓര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് തകരാതിരിക്കാന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്, എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍.