/sathyam/media/post_attachments/czjrEAMD3ks674WssfHn.jpg)
നാടാകെ സ്‌നേഹത്തിന്റെ പാളമിട്ട പ്രമുഖ എഴുത്തുകാരനും റിട്ട. റെയിൽവേ ഉദ്യോഗസ്ഥനുമായിരുന്ന അമ്പാടി ബാലകൃഷ്ണന്‍ നാട്ടുകാര്‍ക്കും പരിചയക്കാര്‍ക്കുമെല്ലാം "അമ്പാടിച്ചേട്ട" നായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായുള്ള ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കേരളത്തിലെവിടെയുമുള്ള സാഹിത്യ സദസ്സുകളിലും നാട്ടിലെ ആഘോഷവേദികളിലും അമ്പാടിച്ചേട്ടന്‍ നിറഞ്ഞുനിന്നു.
ഇന്നലെ 85-ാം വയസ്സില്‍ വിടപറയും മുമ്പുവരെ അമ്പാടിച്ചേട്ടന്റെ സ്‌നേഹന്വേഷണങ്ങള്‍ ഇടയ്ക്കിടെ അടുപ്പക്കാരിലേയ്ക്കെല്ലാം എത്തിയിരുന്നു. ഏഴാച്ചേരി അമ്പാട്ട് (പുലിതൂക്കില്‍) കുടുംബാംഗമായിരുന്ന ബാലകൃഷ്ണന്‍ നായര്‍ എന്ന അമ്പാടി ബാലകൃഷ്ണൻ കൈവയ്ക്കാത്ത മേഖലകളില്ല; പൊതുമരാമത്ത് വകുപ്പിൽ ഗുമസ്തൻ, അദ്ധ്യാപകൻ, പ്രകൃതിചികിത്സകൻ, യോഗാ മാസ്റ്റർ, നാടക രചയിതാവ്, സംവിധായകൻ, കവി, നോവലിസ്റ്റ് ..... നിര നീളുകയാണ്.
റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരിക്കെ നിരന്തരം റേഡിയോ നാടകങ്ങള്‍ എഴുതി. പലതും സംവിധാനം ചെയ്തു. 1978-82 കാലഘട്ടത്തിലെ ഹിറ്റ് റേഡിയോ നാടകങ്ങളുടെയെല്ലാം രചന അമ്പാടി ബാലകൃഷ്ണന്റേതായിരുന്നു. ഏഴ് പതിറ്റാണ്ട് മുമ്പ് ഏഴാച്ചേരി നാഷണല്‍ ലൈബ്രറിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ബാലകൃഷ്ണന്‍ അക്കാലത്ത് ലൈബ്രറി പ്രസിദ്ധീകരിച്ചിരുന്ന "ചന്ദ്രിക" എന്ന കയ്യെഴുത്ത് മാസികയുടെ മുഖ്യശില്പിയായിരുന്നു.
ലൈബ്രറിയുടെ വാര്‍ഷികങ്ങളില്‍ അവതരിപ്പിച്ചിരുന്ന നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. "അമ്പാടി ചേട്ടന്‍ ലൈബ്രറി വാര്‍ഷികത്തിന് എഴുതി സംവിധാനം ചെയ്ത് മുഖ്യനടനായി അവതരിപ്പിച്ച മുക്കുവനും ഭൂതവും എന്ന നാടകം ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. അതിലെ ഭൂതമായിട്ടുള്ള ബാലേട്ടന്റെ അഭിനയം ഒന്നുകാണേണ്ടതു തന്നെയായിരുന്നു.
വായനയിലും എഴുത്തിലുമൊക്കെ എന്നെയൊക്കെ ഒരുപാട് പ്രോത്സാഹിപ്പിച്ചു അമ്പാടിച്ചേട്ടന്‍'' - പ്രമുഖ കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഓര്‍മ്മിക്കുന്നു. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ ആയി വിരമിച്ച ശേഷം പ്രകൃതി ചികിത്സയില്‍ ഡിപ്ലോമാ എടുത്ത അമ്പാടിചേട്ടന്‍ നൂറുകണക്കിന് രോഗികളെ ചികിത്സിച്ച് ആശ്വാസം പകർന്നിട്ടുണ്ട്. പിന്നീട് യോഗയിലും പ്രാവീണ്യം നേടി. നിരവധി പേര്‍ക്ക് യോഗാ ക്ലാസുകള്‍ പരിശീലിപ്പിച്ചുകൊടുത്തു. രണ്ട് വര്‍ഷം മുമ്പ് 83-ാം വയസിലും ഏഴാച്ചേരി സ്റ്റോണേജ് ക്ലബ്ബിലും ഇദ്ദേഹം യോഗാ ക്ലാസ് നടത്തിയിരുന്നു.
ഒരു വര്‍ഷം മുമ്പ് വരെ ആരോഗ്യപരമായ യാതൊരു ബുദ്ധിമുട്ടുകളും അമ്പാടി ബാലകൃഷ്ണനെ അലട്ടിയിരുന്നില്ല. ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. പാലാ സഹൃദയ സമിതിയുടെ സജീവ അംഗമായിരുന്ന അമ്പാടി ബാലകൃഷ്ണന്‍ നിര്‍വ്വാഹക സമിതിയിലുമുണ്ടായിരുന്നു. മരണപത്രം, ശില്പി, പ്രത്യായനം, ഹിമാദ്രി തുംഗ ശ്രുംഗം, പ്രവാചകന്‍ എന്നിവയാണ് പ്രധാന കൃതികള്‍. അടുത്തിടെ റെയില്‍വേ സര്‍വ്വീസ് കാല അനുഭവങ്ങള്‍ ആസ്പദമാക്കി രചിച്ച "കരിമഷിക്കോലങ്ങള്‍" എന്ന നോവല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസിദ്ധീകരിച്ചത്.
അമ്പാടി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ പാലാ സഹൃദയ സമിതി, ഏഴാച്ചേരി നാഷണല്‍ ലൈബ്രറി, ഏഴാച്ചേരി സ്റ്റോണേജ് ക്ലബ്ബ്, കാവിന്‍പുറം ഉമാമഹേശ്വരക്ഷേത്രം ഭരണസമിതി തുടങ്ങിയവര്‍ അനുശോചിച്ചു. അമ്പാടി ബാലകൃഷ്ണന്റെ നിര്യാനത്തില്‍ ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് തുടങ്ങിയവരും അനുശോചിച്ചു. എറണാകുളത്ത് അന്തരിച്ച അമ്പാടി ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്നലെ വൈകിട്ട് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us