മറ്റെവിടെയും കാണാൻ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാർദ്ദ ഘടകങ്ങൾ കേരളത്തിനുണ്ട്; രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ നൽകാൻ കേരളത്തിനു സാധിക്കും; ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

New Update

publive-image

ഹൈദരാബാദ്: സാമ്പത്തിക വികസനത്തിൽ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോൾ കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങൾ വളർത്തി ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

അതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപകരെ ഈ പ്രക്രിയയിൽ പങ്കാളികൾ ആക്കേണ്ടതുണ്ട്. ആ ലക്ഷ്യം മുൻനിർത്തി ഇന്ന് ഹൈദരാബാദിൽ വച്ച് ‘കേരള ഇൻവെസ്റ്റ്മെൻ്റ് റോഡ് ഷോ’ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി.

തെലങ്കാനയിലെ പ്രമുഖ വ്യവസായികളും, CII, CREDAI തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളും, ഐടി, ഫാർമസ്യൂട്ടിക്കൽ മേഖലകളിലെ പ്രമുഖരും പ്രസ്തുത പരിപാടിയുടെ ഭാഗമാവുകയും, കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുകയുമുണ്ടായി. സംസ്ഥാനത്തിൻ്റെ വ്യാവസായിക വികസനം മെച്ചപ്പെടുത്താനുള്ള മികച്ച പിന്തുണ വാഗ്ദാനം ചെയ്യുകയും ക്രിയാത്‌മക നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് നൽകാൻ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്. മറ്റെവിടെയും കാണാൻ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാർദ്ദ ഘടകങ്ങൾ കേരളത്തിനുണ്ട്. സമൃദ്ധമായ ജലം, ശുദ്ധവും ശുചിത്വവുമുള്ള അന്തരീക്ഷം ഉൾപ്പെടെ അനുപമമായ പ്രകൃതിവിഭവങ്ങളാൽ അനുഗൃഹീതമാണ് ഇവിടം.

വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമുള്ള, രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ നൽകാൻ കേരളത്തിനു സാധിക്കും. സംസ്ഥാനമിപ്പോൾ തേടുന്നത് മികച്ച പങ്കാളിത്തമാണ്. അതുറപ്പു വരുത്താൻ ഇത്തരം ഉദ്യമങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment