/sathyam/media/post_attachments/qQIlvWi8562hxDhP11TT.jpg)
ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനം. ഇടത് ബദൽ വളർത്തിക്കൊണ്ടുവരണമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയിൽ തത്വത്തിൽ തീരുമാനമായത്. ദേശീയതലത്തിൽ ഒരു മുന്നണി രൂപീകരണം ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് സഖ്യങ്ങൾ അതത് സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാനതലത്തിലാകും ഉണ്ടാകുക.
23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് നയരേഖയ്ക്കും കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി. ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന നിലപാടിലായിരുന്നു. എന്നാല്‍ കേരളം ഘടകം ഇതില്‍നിന്ന് വിഭിന്നമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തിലാണിപ്പോള്‍ കേന്ദ്ര കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്.
ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരിലാണ് 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുക. ഹൈദരാബാദിൽ സിപിഎം കേന്ദ്രകമ്മിറ്റി കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരികയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ചായിരുന്നു മൂന്ന് ദിവസമായി ചേർന്ന യോഗം ചർച്ച ചെയ്തത്.