/sathyam/media/post_attachments/UFhxyvvu1HcCS19FfJNT.jpg)
കോട്ടയം: പീഡനക്കേസിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിപ്പകർപ്പ് പുറത്ത്. കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നതാണ് കേസ് തള്ളാനും ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കാനും കാരണമായി കോടതി പറയുന്നത്.
അതിജീവിതയുടെ വാദങ്ങളിൽ പലതും പർവതീകരിച്ചതാണെന്നു കോടതി പറഞ്ഞു. വസ്തുതകൾ മറച്ചുവയ്ക്കാൻ അതിജീവിത ശ്രമിച്ചു. 289 പേജുകളടങ്ങിയതാണ് വിധിന്യായം. കന്യാസ്ത്രീ മറ്റു ചിലരുടെ താത്പര്യങ്ങളിൽപ്പെട്ടുപോയെന്നും അധികാരത്തിനായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നും വിധി പകർപ്പിലുണ്ട്. പരാതിയും കേസും നിലനിൽക്കുന്നതല്ലെന്നും വിധിയിൽ പറയുന്നു.
കന്യാസ്ത്രീയുടെ മൊഴിമാത്രം വിശ്വാസത്തിലെടുത്ത് ശിക്ഷ വിധിക്കാനാകില്ല. ഒത്തുതീർപ്പിന് തയാറായത് പരാതിക്കാരിയുടെ അധികാരക്കൊതിക്ക് തെളിവാണെന്നും കോടതി ചൂണ്ടിക്കാട്ടി. പല ഘട്ടത്തിലും പല രീതിയിലാണ് കന്യാസ്ത്രീ മൊഴി നൽകിയത്.
പീഡനം, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഏഴു വകുപ്പുകളാണു ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയത്. കുറ്റപത്രത്തിൽ ഫ്രാങ്കോയ്ക്ക് എതിരെ ഏഴ് വകുപ്പുകളും നിലനിൽക്കുന്നതല്ല എന്നാണ് വിധിയിൽ പറയുന്നത്.