Advertisment

യാത്രക്കാരുടെ എണ്ണവും വരുമാനവും ആദ്യഘട്ടത്തില്‍ കുറഞ്ഞാലും പിന്നീട് വര്‍ധിക്കും! ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നത് കൊല്ലത്ത്; കൊച്ചിയിലെ സ്റ്റേഷനെ വിമാനത്താവളവുമായി ബന്ധിപ്പിക്കാനും പദ്ധതി; പദ്ധതിച്ചെലവ് 63,940 കോടി രൂപ-കെ റെയില്‍ ഡിപിആറിലെ പ്രസക്തഭാഗങ്ങള്‍

New Update

publive-image

Advertisment

തിരുവനന്തപുരം : കെ റെയിൽ ഡിപിആർ പുറത്ത്. നിയമസഭയുടെ വെബ്സൈറ്റിൽ ഡിപിആർ അപ്ലോഡ് ചെയ്തിട്ടുണ്ട്. 2025–26 സാമ്പത്തിക വര്‍ഷം കമ്മിഷന്‍ ചെയ്യാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. നിര്‍മാണ ഘട്ടത്തില്‍ ഉണ്ടാവാനിടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ഡിപിആര്‍ എടുത്തു പറയുന്നുണ്ട്. 63,940 കോടി രൂപയാണ് പദ്ധതിച്ചെലവ്. 33,699 കോടി രൂപ വായ്പയെടുക്കും. ആകെ ചെലവിന്റെ പകുതിയിലേറെയും വായ്പയാണ്. സര്‍ക്കാരിനും റെയില്‍വേയ്ക്കും ഓഹരി പങ്കാളിത്തമുണ്ട്.

ആറ് വോള്യങ്ങളായി 3773 പേജുള്ളതാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട്. ട്രാഫിക് സര്‍വേ, ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്, ടോപ്പോഗ്രാഫിക് സര്‍വേ എന്നിവയും ഡി.പി.ആറിന്റെ ഭാഗമാണ്. പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദമായ കണക്കും, ദേവാലയങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നതാണ് ഡി.പി.ആര്‍.

സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും എന്ത് സംഭവിക്കാം എന്നുള്ള കണക്കുകള്‍ ഇതിലുണ്ട്. ആദ്യഘട്ടത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നാലും പിന്നീട് ഇത് വര്‍ദ്ധിക്കുമെന്നും സാധ്യത പഠനത്തില്‍ പറയുന്നു. വരുമാനത്തിന്റെ കാര്യത്തിലും ഇതേ രീതിയിലുള്ള വര്‍ധനവ് ഉണ്ടാകും. കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് പദ്ധതി ലാഭത്തിലേക്ക് നീങ്ങും.

ആദ്യഘട്ട നിര്‍മാണം കൊച്ചുവേളി മുതല്‍ തൃശൂര്‍ വരെയാണ്. രണ്ടാംഘട്ടം കാസര്‍കോട് വരെയും. ഇതിന് ആകെ വേണ്ടത് 1383 ഹെക്ടര്‍ ഭൂമിയാണ്. ഇതില്‍ 185 ഹെക്ടര്‍ റെയില്‍വേ ഭൂമിയായിരിക്കും. 1198 ഹെക്ടര്‍ സ്വകാര്യ സ്ഥലമായിരിക്കും. കൊല്ലത്തായിരിക്കും ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റൈടുക്കുക. സ്മാര്‍ട്ട് സിറ്റിക്കും ഇന്‍ഫോ പാര്‍ക്കിനും സമീപത്തായിരിക്കും കൊച്ചിയിലെ സ്റ്റേഷന്‍. സ്റ്റേഷനെ നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

പ്രതീക്ഷിക്കുന്ന ദിവസ വരുമാനം 6 കോടി രൂപയാണ്. കെ റെയിൽ പാതയുടെ ആകെ ദൂരം 530.6 കിലോ മീറ്റ‌ർ ആയിരിക്കും. 13 കിലോ മീറ്റ‌‌ർ പാലങ്ങളും 11.5 കിലോമീറ്റ‌ർ തുരങ്കവും നിർമ്മിക്കണം. പാതയുടെ ഇരുവശത്തും അതിർത്തി വേലികൾ ഉണ്ടാകും. 20 മിനിറ്റ് ഇടവേളയിൽ പ്രതിദിനം 37 സർവീസ് ആണ് ലക്ഷ്യം.

Advertisment