Advertisment

ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി മറ്റു ചിലരാണ് ആരോഗ്യ വകുപ്പ് ഭരിക്കുന്നത്! ദിനംപ്രതി മണ്ടത്തരങ്ങൾ ആവർത്തിക്കുന്ന 'വിദഗ്ദ്ധ' സംഘത്തിൽ നിന്നും ഉത്തരവാദിത്വം തിരികെ ആരോഗ്യവകുപ്പിനെ ഏൽപ്പിക്കണം-എസ്.എസ്. ലാൽ

New Update

publive-image

Advertisment

തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഭരിക്കുന്നത് ചില ഉദ്യോഗസ്ഥരാണെന്ന ഗുരുതര ആരോപണവുമായി ആരോഗ്യവിദഗ്ധൻ ഡോ. എസ്.എസ്. ലാൽ. ‘കോവിഡ് നിയന്ത്രണം ആരോഗ്യവകുപ്പിനെ തിരികെയേൽപ്പിക്കണ’മെന്ന് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിലാണ് എസ്.എസ്. ലാലിന്റെ വിമർശനം.

പോസ്റ്റിന്റെ പൂർണ രൂപം:

കൊവിഡ് നിയന്ത്രണം ആരോഗ്യവകുപ്പിനെ തിരികെയേൽപ്പിക്കണം.

"പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 204 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 178%, 50%, 103%, 29%, 10%, 41% വര്‍ധിച്ചിട്ടുണ്ട്."

മുകളിൽ എഴുതിയത് ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇന്നലെ നൽകിയ പത്രക്കുറിപ്പിലെ വിവരങ്ങളാണ്. ഇത്രയും ഗുരുതരമായ സാഹചര്യമായിട്ടുപോലും കഴിഞ്ഞ മുന്ന് ആഴ്ചകളിൽ ഒരു മുന്നൊരുക്കവും നടത്താതെ ആരോഗ്യമന്ത്രിയുടെ പത്രപ്രസ്താവനകൾ മാത്രമാണ് ആരോഗ്യവകുപ്പിൽ നിന്നുണ്ടായത്.

ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി മറ്റു ചിലരാണ് ആരോഗ്യ വകുപ്പ് ഭരിക്കുന്നത്. ഒന്നും രണ്ടും തരംഗങ്ങളിൽ രോഗപരിശോധനയിലും കോവിഡ് മരണങ്ങളിലും കൃത്രിമം കാണിക്കാൻ മുൻകൈയെടുത്ത അതേ ഉദ്യോഗസ്ഥ നേതൃത്വം തന്നെയാണ് ഇപ്പോഴും സംസ്ഥാനത്ത് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇവരും വിദഗ്ദ്ധ സമിതിയെന്ന പേരിൽ അറിയപ്പെട്ട സംഘവും കൂടി രണ്ടാം തരംഗത്തിലും കാര്യങ്ങൾ തീരുമാനിച്ച്‌ സംസ്ഥാനത്തെ ജനങ്ങളെ അപകടത്തിലാക്കിയിരുന്നു.

രണ്ടാം തരംഗത്തിലെ സർക്കാരിന്റെ പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും നേതൃത്വത്തിൽ കൊവിഡ് നിയന്ത്രണ പരിപാടികൾ നടപ്പാക്കുമെന്നാണ് പൊതുവേ എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ പഴയ സംഘം തന്നെയാണ് ഇപ്പോഴും തീരുമാനങ്ങൾ എടുക്കുന്നത്. ഈ തീരുമാനങ്ങൾ പത്രക്കാരോട് പറയുന്ന ജോലി മാത്രമാണ് ഇപ്പോൾ ആരോഗ്യമന്ത്രി ചെയ്യുന്നത്. ആരോഗ്യമന്ത്രിയ്ക്ക് തെറ്റായ ഉപദേശങ്ങളാണ് നിരന്തരം ലഭിക്കുന്നത്. രാഷ്ട്രീയ സമ്മർദ്ദങ്ങൾ ആരോഗ്യമന്ത്രിയെ നിസ്സഹായയാക്കിയെന്നാണ് മനസിലാകുന്നത്.

ജില്ലാ മെഡിക്കൽ ഓഫീസർമാരിൽ നിന്നും അറിഞ്ഞത് പ്രകാരം കഴിഞ്ഞ ഡിസംബർ രണ്ടാം പകുതിയിൽ നടത്തിയ അവലോകന യോഗത്തിൽ സംസ്ഥാനത്തെ ജില്ലാ മെഡിക്കൽ ഓഫീസർമാർ മൂന്നാം തരംഗത്തിന്റെ സൂചന നൽകിയിരുന്നു. എന്നാൽ വിദഗ്ദ്ധ സമിതിയിലെ ചിലരും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അത് അവഗണിച്ചു. ഇത് ഫ്ലൂ പോലെ വന്ന് അങ്ങ് പൊയ്ക്കൊള്ളുമെന്നും പേടിക്കേണ്ട കാര്യമില്ലെന്നും ഇവർ അഭിപ്രായപ്പെട്ടുവത്രെ. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയതിന് ശേഷം കഴിഞ്ഞ ആഴ്ചത്തെ യോഗത്തിൽ തയ്യാറെടുപ്പുകൾ ഉടനെ വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാരെ അറിയിച്ചതായും മനസിലാക്കുന്നു.

ഡെൽറ്റ വ്യാപനം ഉണ്ടെന്നും ഒമിക്രോൺ വലിയ പ്രശ്നമല്ല എന്നുമൊക്കെ കഴിഞ്ഞ രണ്ടാഴ്ചയായി മന്ത്രിയെക്കൊണ്ടു തന്നെ വിദഗ്ദ്ധ സമിതി പറയിപ്പിച്ചിരുന്നു. ഇപ്പോൾ പറയുന്നു ഒമിക്രോൺ വ്യാപനവും ഉണ്ടെന്ന്. ശാസ്ത്രീയമായ പഠനമോ കാര്യമായ അന്വേഷണങ്ങളോ ഇല്ലാതെയാണ് ഈ പ്രഖ്യാപനങ്ങൾ.

ഇത്തവണയും ഒരു തയ്യാറെടുപ്പോ നയമോ ഇല്ലാതെയാണ് മൂന്നാം തരംഗത്തെ നേരിടാൻ സർക്കാർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഹോം കെയർ ആണ് പുതിയ മാർഗമെന്ന് ഇപ്പോൾ പറയുന്നു. എന്നാൽ അത് നിരീക്ഷിക്കാൻ എന്ത് മാർഗമാണ് സർക്കാർ കൊണ്ടുവന്നിട്ടുള്ളതെന്ന് ആർക്കും അറിയില്ല. ഒമിക്രോൺ അതിവേഗം പടരുന്നതിനാൽ വീടുകളിൽ മുഴുവൻ പേരും കിടപ്പിലാകുകയാണ്. അത്തരം വീടുകളിൽ മരുന്നും മറ്റ് അടിയന്തിര സേവനങ്ങളും എത്തിക്കാൻ മൊബൈൽ ചികിത്സാ സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. ഇതിനും പുറമേ വലിയ സർക്കാർ ആശുപത്രികളിൽപ്പോലും മരുന്നുകൾക്ക് ഭൗർലഭ്യമുണ്ട്. മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരുമില്ല. വരും ദിവസങ്ങളിൽ സർക്കാർ ചികിത്സാ സംവിധാനങ്ങൾ താറുമാറാകാനിടയുണ്ട്. ഇത് മുന്നിൽക്കണ്ട് സർക്കാർ ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല.

കഴിഞ്ഞ പതിനഞ്ചാം തീയതി മുതൽ ആരോഗ്യമന്ത്രി പറയുന്നത് ഇരുപതാം തീയതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം കൂടി കാര്യങ്ങൾ തീരുമാനിക്കുമെന്നാണ്. അനുദിനം മാറുന്ന ഇന്നത്തെ രോഗസാഹചര്യം ഒരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയായി മാറിക്കൊണ്ടിരിക്കുമ്പോൾ അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ സൗകര്യം കാത്തിരുന്ന് തീരുമാനമെടുക്കുന്നത് ജനദ്രോഹമാണ്. നാട്ടിലെ സാധാരണ ജനങ്ങൾക്ക് ആർദ്രം ആശുപത്രികൾ മാത്രമേ സഹായത്തിനുള്ളു. അവർക്ക് അമേരിക്കയിൽ ചികിത്സ കിട്ടില്ല എന്ന് ഉറപ്പുള്ളപ്പോൾ തീരുമാനമെടുക്കാൻ വൈകുന്നത് ജനങ്ങളെ വെല്ലുവിളിക്കലാണ്.

നാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും മറ്റ് സർക്കാർ ആശുപത്രികളിലെയും ഡോക്ടർമാരും നഴ്സുമാരുമൊക്കെ വിദഗ്ദ്ധസമിതിയെക്കാളും വൈദഗ്ദ്ധ്യമുള്ളവരാണ്. അവരാണ് സ്വന്തം അപകടങ്ങളെ മറന്ന് പതിനായിരക്കണക്കിന് രോഗികളെ ചികിത്സിച്ചത്. എന്നാൽ അവരുടെ സംഘടനകളെപ്പോലും മാറ്റി നിർത്തിയാണ് ആരോഗ്യ വകുപ്പ് സെക്രട്ടറിയും സംഘവും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

ഏത് സംസ്ഥാനത്തെയും പോലെ കേരളത്തിലും ഇക്കാലമത്രയും പകർച്ച വ്യാധികൾ പോലുള്ള പൊതുജനാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്തിരുന്നത് വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പാണ്. നാൽപതിനായിരത്തോളം അംഗബലമുള്ള ഈ വകുപ്പാണ് കൃത്യമായും നിശബ്ദമായും എക്കാലവും പണിയെടുത്തിരുന്നത്.

കൊവിഡ് വന്നപ്പോൾ അവരെ പുറംതള്ളി രാഷ്ട്രീയ നേതൃത്വവും ആരോഗ്യ സെക്രട്ടറിയും അവർ തട്ടിക്കൂട്ടിയ 'വിദഗ്ദ്ധ' സമിതിയും ചേർന്നാണ് കാര്യങ്ങൾ ഇത്ര വഷളാക്കിയത്. ആരോഗ്യവകുപ്പ് മന്ത്രിയോട് പറയാനുള്ളത് ഒറ്റക്കാര്യം മാത്രം. ദിനംപ്രതി മണ്ടത്തരങ്ങൾ ആവർത്തിക്കുന്ന 'വിദഗ്ദ്ധ' സംഘത്തിൽ നിന്നും ഉത്തരവാദിത്വം തിരികെ വാങ്ങി ആരോഗ്യവകുപ്പിനെ ഏൽപ്പിക്കണം.

ഡോ. എസ്.എസ്. ലാൽ,

പ്രസിഡന്റ്,

ഓൾ ഇന്ത്യ പ്രൊഷണൽസ് കോൺഗ്രസ്, കേരള.

Advertisment