Advertisment

പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണി; റവന്യൂ വകുപ്പ് ഉത്തരവ് പാർട്ടിയിൽ ചർച്ച ചെയ്യാതെയാണെന്ന് കെഇ ഇസ്മയില്‍; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ.കെ. ശിവരാമനും രംഗത്ത്‌! രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയത് സാധുതയുള്ളത് നല്‍കാനെന്ന് റവന്യൂമന്ത്രി-ഇടതുമുന്നണിയില്‍ 'പട്ടയ' ഭിന്നത

New Update

publive-image

Advertisment

തിരുവനന്തപുരം: വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ആരേയും കുടിയിറക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് റവന്യൂമന്ത്രി കെ. രാജന്‍. രവീന്ദ്രന്‍ പട്ടയങ്ങള്‍ തിരിച്ചുവാങ്ങി അര്‍ഹരായവര്‍ക്ക് സാധുതയുള്ള പുതിയ പട്ടയങ്ങള്‍ നല്‍കുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അനുവദിച്ചതില്‍ ചട്ടലംഘനമുള്ളതിനാലാണ് എല്ലാ പട്ടയങ്ങളും റദ്ദാക്കുന്നത്. അര്‍ഹരായവര്‍ക്കു പട്ടയം നല്‍കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഒരാളെയും കുടിയിറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. രണ്ടു മാസത്തിനകം പുതിയ പട്ടയം നൽകുമെന്നും മന്ത്രി പറഞ്ഞു.

രവീന്ദ്രന്‍ പട്ടയം കൈവശം വെച്ചതുകൊണ്ട് ആര്‍ക്കും ഒരുകാര്യവുമില്ല. നിയമസാധുതയില്ലാത്തതിനാല്‍ ബാങ്കില്‍ നിന്ന് വായ്പയെടുക്കാനും മറ്റും ആളുകള്‍ വലഞ്ഞിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് അര്‍ഹാരയവര്‍ക്ക് സാധുതയുള്ള പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ 2019-ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ ആരംഭിച്ചത്. 532 പട്ടയങ്ങളാണ് റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നത ശക്തമാണ്. മുന്‍മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി, സിപിഐ നേതാവ് കെ.ഇ. ഇസ്മയില്‍, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ എന്നിവര്‍ ഇതിനെതിരെ രംഗത്തെത്തി.

പാര്‍ട്ടി ഓഫീസ് അവിടെ അങ്ങനെ തന്നെ നില്‍ക്കുമെന്നും ഒരാളെയും തൊടാന്‍ അനുവദിക്കില്ലെന്നും എംഎം മണി പ്രതികരിച്ചു. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങള്‍ ഇപ്പോള്‍ റദ്ദ് ചെയ്യുന്നത് എന്തിനാണെന്ന് റവന്യു മന്ത്രിയും വകുപ്പും വ്യക്തമാക്കട്ടേയെന്നും ഉടുംബൻചോല എം.എൽ.എ . കൂടിയായ മണി പറഞ്ഞു.

''530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും'', എം എം മണി പറയുന്നു.

റവന്യൂ വകുപ്പ് ഉത്തരവ് പാർട്ടിയിൽ ചർച്ച ചെയ്യാതെയാണെന്ന് കെ.ഇ. ഇസ്മയില്‍ പറയുന്നു. ''അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്'', കെ ഇ ഇസ്മായിൽ പറഞ്ഞു.

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞു. അര്‍ഹതപ്പെട്ടവരുടെ പട്ടയം റഗുലറൈസ് ചെയ്യുകയാണ് വേണ്ടത്. വ്യാജ പട്ടയം എന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്നും ശിവരാമന്‍ പറഞ്ഞു. അര്‍ഹരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Advertisment