ദിലീപിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ പിന്നിട്ടു; ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ടെന്ന് എഡിജിപി; നിസഹകരിച്ചാല്‍ കോടതിയെ അറിയിക്കും

New Update

publive-image

കൊച്ചി: ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് ദിലീപും കൂട്ടുപ്രതികളും മറുപടി നല്‍കുന്നുണ്ടെന്നും എന്നാല്‍ ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് പറയാറായിട്ടില്ലെന്നും എ.ഡി.ജി.പി. എസ്.ശ്രീജിത്ത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് അഞ്ച് പ്രതികളെയും വിശദമായി ചോദ്യംചെയ്യുന്നത്. ആദ്യഘട്ടത്തില്‍ എല്ലാവരെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യംചെയ്യുന്നത്. പിന്നീട് ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

Advertisment

രാവിലെ ഒമ്പതിനാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഐ ജി ​ഗോപേഷ് അ​ഗര്‍വാളും എസ് പി മോഹനചന്ദ്രനും ഒപ്പമുണ്ട്. ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു,സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ചോദ്യം ചെയ്യുന്നുണ്ട്. ചോദ്യം ചെയ്യല്‍ മുഴുവൻ വീഡിയോ ക്യാമറയിൽ ചിത്രീകരിക്കും.

ദിലീപ് അടക്കമുള്ള പ്രതികള്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നുണ്ട്. എന്നാല്‍ അതിന്റെ നിജസ്ഥിതി പരിശോധിച്ചശേഷമേ സഹകരിക്കുന്നുണ്ടോ അല്ലെയോ എന്നത് പറയാനാകൂവെന്ന് എഡിജിപി പറഞ്ഞു. ദിലീപ് എന്ത് മറുപടിയാണ് നല്‍കിയതെന്ന് ഇപ്പോള്‍ പറയാനാകില്ല. പ്രതികളുടെ മൊഴികളും വിലയിരുത്താറായിട്ടില്ല. മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അതെല്ലാം പിന്നീട് അറിയിക്കാമെന്നും എ.ഡി.പി.ജി. വ്യക്തമാക്കി.

കോടതിയെ സമീപിച്ചവരല്ലാതെ മറ്റുള്ളവരെ ചോദ്യംചെയ്യാന്‍ നിയമപരമായ തടസങ്ങളൊന്നുമില്ല. ചോദ്യംചെയ്യല്‍ നടക്കുമ്പോള്‍ പ്രതിയുടെ സഹകരണം മാത്രമല്ല തെളിവിലേക്ക് നയിക്കുക, നിസ്സഹകരണവും വേറൊരുരീതിയില്‍ പോലീസിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. നിസ്സഹകരണമുണ്ടെങ്കില്‍ കോടതിയെ കാര്യങ്ങള്‍ അറിയിക്കും. കോടതി നിര്‍ദേശം അനുസരിച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നതെന്നും എ.ഡി.ജി.പി. പറഞ്ഞു.

ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നത്. രാത്രി എട്ടുമണിവരെയാകും ദിലീപ് അടക്കമുള്ള പ്രതികളെ ഞായറാഴ്ച ചോദ്യംചെയ്യുക.

Advertisment