വീട്ടുകാരെ പറ്റിക്കാന്‍ രണ്ട് തലയിണകള്‍ ചേര്‍ത്തുവച്ച് ആള്‍രൂപം ഉണ്ടാക്കി പുതപ്പുകൊണ്ട് മൂടി നാടുവിട്ടു; പെണ്‍കുട്ടിയുടെ സൂത്രപ്പണിയില്‍ വീടുവിട്ട കാര്യം അറിയാന്‍ വീട്ടുകാരും വൈകി! പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത് തിരുവനന്തപുരത്ത് വച്ച്; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

New Update

publive-image

പാലാ: മേലമ്പാറയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്കകം ഈരാറ്റുപേട്ട പൊലീസ് കാട്ടാക്കടയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

Advertisment

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പമാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. ഇയാള്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും സംശയമുണ്ട്. സംഭവത്തില്‍ ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

വീട്ടുകാരെ പറ്റിക്കാനായി രണ്ട് തലയിണകള്‍ ചേര്‍ത്തുവച്ച് ആള്‍രൂപം ഉണ്ടാക്കി പുതപ്പുകൊണ്ട് മൂടിയ ശേഷമാണ് പെണ്‍കുട്ടി വീടുവിട്ടത്. അവധി ദിവസമായതിനാല്‍ ഉറങ്ങുകയാണെന്ന ധാരണയില്‍ പെണ്‍കുട്ടി വീടുവിട്ടകാര്യം അറിയാന്‍ വീട്ടുകാരും വൈകി.

പിന്നീട് പൊലീസില്‍ പരാതിപ്പെട്ടപ്പോഴേക്കും പെണ്‍കുട്ടി സ്ഥലം വിട്ടിരുന്നു. വിദ്യാര്‍ത്ഥിനി മൊബൈല്‍ ഫോണ്‍ ഇല്ലാതെയാണ് വീടുവിട്ടത്. ഇത് അന്വേഷണത്തില്‍ നേരിയ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും, സമൂഹമാധ്യമങ്ങളിലെ സൂചന വച്ച് സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി എവിടെയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ പെട്ടെന്ന് തന്നെ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താനായി. പെണ്‍കുട്ടിക്കൊപ്പമുള്ള യുവാവ് നേരത്തെയും മേലമ്പാറയില്‍ വന്നിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്ന് വഴിതെറ്റി ആ ഭാഗത്ത് എത്തിയതാണെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നതെന്നാണ് സൂചന.

രാത്രി 7.30-ഓടെ ഇരുവരെയും കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ ഈരാറ്റുപേട്ടയില്‍ എത്തിക്കുമെന്നാണ് വിവരം.

Advertisment