വിവാഹ ദിവസം മിന്നല്‍ മുരളിയുടെ വേഷത്തിലെത്തി വരന്‍. അമല്‍ രവീന്ദ്രന്‍ (29) എന്ന യുവാവാണ് തന്റെ വിവാഹ ദിവസം ഇഷ്ടതാരത്തിന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ രൂപം അനുകരിച്ചത്. ടോവിനോ തോമസ് അഭിനയിച്ച മിന്നല്‍ മുരളി എന്ന ചിത്രം വന്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ ടോവിനോയുടെ പ്രത്യേക ഗെറ്റപ്പും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
സൂപ്പര്‍ പവറുള്ള നായകനായാണ് ചിത്ത്രതില്‍ ടോവിനോ എത്തുന്നത്. മിന്നല്‍ മുരളി എന്ന കഥാപാത്രത്തിന്റെ അതേ വേഷത്തിലാണ് അമല്‍ വിവാഹ പന്തലിലെത്തിയത്. ചിത്രത്തിലെ ടൊവിനോ തോമസിന്റെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമല്‍ നീലയും ചുവപ്പും ചേര്‍ന്ന സൂപ്പര്‍ നായകന്റെ വേഷത്തിലെത്തിയത്. വധുവായ അഞ്ചു പച്ച സാരിയിലാണ് വിവാഹത്തിനെത്തിയത്.
ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവെ, തന്റെ ജീവിതത്തിലെ പ്രധാന ദിവസത്തില്‍ ഒരു സൂപ്പര്‍ഹീറോ ആയി വേഷമിടുക എന്ന തന്റെ ആശയത്തെ ബന്ധുക്കള്‍ പിന്തുണയ്ക്കുന്നുവെന്ന് അമല്‍ വെളിപ്പെടുത്തി. 'ഷൂട്ടിന് ശേഷം എന്നെ ആ വസ്ത്രത്തില്‍ കാണാന്‍ ഞങ്ങളുടെ ബന്ധുക്കള്‍ക്ക് ആവേശമായിരുന്നു. എന്റെ വിവാഹ ദിവസം എന്റെ കസിന്‍സ് സൂപ്പര്‍ഹീറോ വേഷം ധരിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കൊവിഡും അനുബന്ധ നിയന്ത്രണങ്ങളും കാരണം അവര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ വിവാഹ ദിവസം എന്റെ വേഷം കാണാന്‍ എല്ലാവരും ആകാംക്ഷയിലായിരുന്നു'.
നേരത്തെ ഓണ്‍ലൈനില്‍ വൈറലായ തന്റെ സേവ് ദി ഡേറ്റ് വീഡിയോയ്ക്കും അമല്‍ മിന്നല്‍ മുരളിയുടെ വേഷം ധരിച്ചിരുന്നു. അതേസമയം തനിക്ക് സേവ് ദ ഡേറ്റ് വീഡിയോ ചെയ്യുന്ന സമയത്ത് തനിക്ക് അല്‍പ്പം മടിയുണ്ടായിരുന്നുവെന്ന് വധു അഞ്ചു പറഞ്ഞു. എന്നാല്‍ വീഡിയോ കണ്ട എല്ലാവരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. അതോടെ സന്തോഷമായി. പിന്നീട് വിവാഹത്തിനും മിന്നല്‍ മുരളിയുടെ വേഷം ധരിക്കുന്നതില്‍ സന്തോഷമായിരുന്നുവെന്നും അഞ്ചു പറഞ്ഞു.
മിന്നല്‍ മുരളിയുടെ വേഷം ആദ്യമായി വിവാഹദിവസം ധരിച്ച ദമ്പതികള്‍ക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. ചിലര്‍ വിവാഹ ഫോട്ടോഷൂട്ട് ശ്രദ്ധിക്കാന്‍ ടൊവിനോ തോമസിനെ വിളിച്ചിരുന്നു. മിന്നല്‍ മുരളി കഴിഞ്ഞ മാസമാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. ഇടിമിന്നലേറ്റ ശേഷം സൂപ്പര്‍ പവര്‍ നേടുന്ന നായകന്റെ കഥയാണ് ചിത്രം പറയുന്നത്.