/sathyam/media/post_attachments/S6cIthu6mXbd0wOmTYRe.jpg)
തിരുവനന്തപുരം: ഗ്രൂപ്പു നേതാക്കളുടെ പിടിവാശി തുടരുന്നതോടെ ഡിസിസി ഭാരവാഹി പുനസംഘടന വൈകുന്നു. ഗ്രൂപ്പു നേതാക്കൾ നിസഹരിക്കുന്നതാണ് പുനസംഘടന നീളാൻ കാരണം. പല ജില്ലകളിലും ഇതു സംബന്ധിച്ച ചർച്ചകൾ സജീവമാണെങ്കിലും അഭിപ്രായ ഐക്യത്തിലേക്ക് എത്തിയിട്ടില്ല.
ഡി സി സി പ്രസിഡൻ്റും ജില്ലയുടെ ചുമതലയുള്ള കെ പി സി സി ജനറൽ സെക്രട്ടറിമാരും തമ്മിൽ പ്രാഥമിക ചർച്ച നടത്തി പേരുകൾ കെ പി സി സിക്ക് കൈമാറാനായിരുന്നു ധാരണ. പല ജില്ലകളിലും ചർച്ചകൾ നടന്നെങ്കിലും സ്ഥാനങ്ങളിലേക്ക് പേരുകൾ നിർദേശിച്ച് പാനൽ നൽകാൻ പറഞ്ഞിരുന്നു. പ്രാദേശിക തലത്തിൽ ഗ്രൂപ്പുകളെ ഒഴിവാക്കാനാവാത്ത വന്നതോടെ ഗ്രൂപ്പുകൾ പാനൽ നൽകാനായിരുന്നു നിർദേശം.
മൂന്ന് സ്ഥാനങ്ങളിലേക്ക് പരമാവധി മൂന്നിരട്ടി വരെ ആളുകൾ ഉൾപ്പെടുന്ന പാനൽ നൽകാനായിരുന്നു നിർദേശം. എന്നാൽ ഇതിനോട് സഹകരിക്കാൻ ഗ്രൂപ്പുകൾ തയ്യാറായില്ല.
ആകെ സ്ഥാനങ്ങൾ തീരുമാനിച്ച ശേഷം ഓരോ ഗ്രൂപ്പിനും ഏതൊക്കെ സ്ഥാനങ്ങൾ എന്നു നിശ്ചയിച്ചാൽ അതിനനുസരിച്ച് പേരു നൽകാമെന്നാണ് ഗ്രൂപ്പുകളുടെ വാദം. ഒരു സ്ഥാനത്തേക്കും പാനൽ നൽകില്ലെന്നും ഗ്രുപ്പുകൾ തീരുമാനിച്ചു.
തങ്ങൾ പാനൽ നൽകിയാൽ ആ പേരുകാരെ കണ്ടെത്തി അവരെ സംസ്ഥാന നേതൃത്വം പുതിയ ഗ്രൂപ്പിലേക്ക് കൊണ്ടു പോകുമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ സംശയം. സ്ഥാനം കിട്ടിയാൽ പലരും ഗ്രൂപ്പുകൾ വിടാനുള്ള സാധ്യതയുണ്ടെന്നും ഗ്രൂപ്പ് നേതൃത്വം വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പാനലല്ല, മറിച്ച് സ്ഥാനങ്ങൾ തീരുമാനിച്ചാൽ മതിയെന്നാണ് ഗ്രൂപ്പുകൾ പറയുന്നത്.
അതേ സമയം സംസ്ഥാന നേതൃത്വത്തിന് പഴയ പോലെ ഉഷാറില്ലെന്ന പരാതി പ്രവർത്തകർക്ക് ഉണ്ട്. പാർട്ടി സംവിധാനം ഇടക്കാലത്ത് ആവേശത്തിലേക്ക് വന്നെങ്കിലും ഇപ്പോൾ അത് അത്ര പോരെന്നാണ് പ്രവർത്തക പക്ഷം. കോവിഡ് വ്യാപനം പാർട്ടി പ്രവർത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.