കണ്ണൂർ: മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന കേസില്‍ പിരിച്ചുവിട്ട പൊലീസുകാരനെ സർവീസിൽ തിരിച്ചെടുത്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന ഇ.എൻ. ശ്രീകാന്തിനെയാണ് സർവ്വീസിൽ തിരിച്ചെടുത്തത്.
ശ്രീകാന്തിനെ പിരിച്ചുവിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് ഡിഐജി രാഹുൽ ആർ നായർ റദ്ദാക്കി. ശ്രീകാന്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചങ്കിലും സേനയിൽ തുടരാൻ അവസരം നൽകണമെന്ന് ഡിഐജി നിർദ്ദേശിച്ചു. വാർഷിക വേതന വർധന മൂന്ന് വർഷത്തേക്ക് തടഞ്ഞുവെച്ചുകൊണ്ട് തിരച്ചെടുക്കുന്നുവെന്നാണ് ഡിഐജിയുടെ ഉത്തരവ്.
ഗോകുല്‍ എന്നയാളെ നേരത്തെ എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഗോകുലിന്റെ സഹോദരിയില്‍നിന്ന് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ വാങ്ങിയത്. പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.