/sathyam/media/post_attachments/vldn9BcMhvyPfAAQaZWd.jpg)
തിരുവനന്തപുരം: ലോകായുക്ത വിഷയത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിന്റെ അഭിപ്രായങ്ങളെ തള്ളി സിപിഎം. ജലീലിന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും ലോകായുക്തയ്‌ക്കെതിരേ ഒരു ഘട്ടത്തിലും സിപിഎം ആരോപണം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി.
അഭിപ്രായം പറയാൻ ജലീലിനു സ്വാതന്ത്ര്യമുണ്ട്. ജലീൽ പറയുന്നത് സിപിഎമ്മിന്റെ അഭിപ്രായമല്ല. ലോകായുക്തയ്ക്കെതിരെ സിപിഎം ഒരു ഘട്ടത്തിലും ആരോപണം ഉന്നയിച്ചിട്ടില്ല. ജലീലിന്റെ ബന്ധുനിയമന കേസിൽ വിധി വന്നപ്പോഴും ആരോപണം പറഞ്ഞിട്ടില്ല.
ഇടതു പാർട്ടികളും മറ്റു പാർട്ടികളും വ്യക്തികളും ഉൾപ്പെട്ട മുന്നണിയാണ് എൽഡിഎഫ്. അതിൽ ചിലർ വ്യത്യസ്ത അഭിപ്രായം ചിലപ്പോൾ പ്രകടിപ്പിച്ചേക്കാം. അത് സിപിഎമ്മിന്റെ അഭിപ്രായമല്ല. ജലീൽ സിപിഎം അംഗമല്ല, സ്വതന്ത്രനാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നതുകൊണ്ടാണ് അവർ സ്വതന്ത്രരായി നിൽക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ലോകായുക്താ ഭേദഗതി ഓര്‍ഡിനന്‍സില്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സിപിഐയുമായി ചര്‍ച്ച നടത്തുമെന്നും പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ മുന്നണിയിലെ പാര്‍ട്ടികള്‍ക്കിടയില്‍ ഇല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചു. കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും. കേരളവും ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കാത്ത രീതിയാണിത്. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം അംഗീകരിച്ചില്ല.
പാലക്കാട് കോച്ച് ഫാക്ടറി ചർച്ച ചെയ്യാൻ പോലും തയാറല്ല. സംസ്ഥാന വിഹിതം അപര്യാപ്തമാണ്. ജി എസ് ടി നഷ്ട്പരിഹാരം 5 വർഷം കൂടി നീട്ടണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. കേന്ദ്ര നിലപാട് തിരുത്താൻ എംപിമാരും ബിജെപി സംസ്ഥാന ഘടകവും സമർദ്ദം ചെലുത്തണമെന്നും കോടിയേരി പറഞ്ഞു.