/sathyam/media/post_attachments/6dC20SbZ9HLwRcCV7Ixr.webp)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ പുതിയ വെളിപ്പെടുത്തലിൽ പ്രതിക്കൂട്ടിലാകുന്നത് സർക്കാരും സി പി എമ്മും തന്നെ. ശിവശങ്കറിനെതിരെ വ്യക്തിപരമായാണ് സ്വപ്ന ആരോപണമുന്നയിക്കുന്നത് എന്നു പറയുമ്പോഴും ശിവശങ്കർ പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥൻ എന്ന നിലയിൽ തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന നിലപാടിലാണ് പ്രതിപക്ഷം.
/sathyam/media/post_attachments/NZvrg7kbbwONzL8Kp8R9.webp)
മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ സ്വപ്നയുടെ തുറന്നു പറച്ചിൽ പാർട്ടിയെകൂടി പ്രതിരോധത്തിലാക്കും. ഈ വെളിപ്പെടുത്തലുകൾ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായിരുന്നു എം ശിവശങ്കർ.
അദ്ദേഹം തൻ്റെ പുസ്തകത്തിൽ പറഞ്ഞത് എന്തൊക്കെയാണോ അതിൻ്റെ നേർ വിപരീതമാണ് സ്വപ്ന പറഞ്ഞത്. സ്വപ്നയുമായുള്ള വ്യക്തിപരമായ ബന്ധം ശിവശങ്കറിൻ്റെ മാത്രം പ്രശ്നം ആകുമ്പോഴും അതുവഴി അവർക്ക് ചെയ്ത് കൊടുത്ത വഴിവിട്ട സഹായങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തു തന്നെയെന്നാണ് പ്രതിപക്ഷം സമർഥിക്കുക .
ഇതിനു മുമ്പും നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടുവെന്നും സ്പേസ് പാർക്ക് പദ്ധതിയിൽ നിന്നും സ്വപ്നയെ നിയമിക്കാൻ എതിരുനിന്ന കെ പി എം ജി എന്ന കൺസൾട്ടൻസിയെ ഒഴിവാക്കി എന്നതും ഗൗരവതരമായ വെളിപ്പെടുത്തൽ തന്നെ. ആറുമാസമെങ്കിലും സ്വപ്ന വാ തുറക്കരുത് എന്നു ശിവശങ്കർ മാത്രമല്ല ആഗ്രഹിച്ചത്.
തെരഞ്ഞെടുപ്പു വരെ അവരുടെ വായിൽ നിന്നും ഒന്നും വീഴരുത് എന്ന നിർബന്ധം സർക്കാരിനും ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പ്രതിപക്ഷം. അതു കൊണ്ടു തന്നെയാണ് ശിവശങ്കർ തന്നെ ഇടപെട്ട് സ്വപ്നയ്ക്ക് പല ഉറപ്പും നൽകിയത്. ശിവശങ്കറിൻ്റെ ദൂതുമായി വനിതാ പോലിസ് എത്തിയതും മുഖ്യമന്ത്രിക്ക് അനുകൂലമായി ശബ്ദരേഖ നൽകിയതും ഇതുമായി ബന്ധപ്പെട്ട് തന്നെ വിലയിരുത്താം.
മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിന്നത് സി പി എമ്മിനും തിരിച്ചടിയാണ്. ശ്രീരാമകൃഷ്ണൻ്റെ എല്ലാ വാദങ്ങളെയും തള്ളുന്നതാന്ന് സ്വപ്നയുടെ വാക്കുകൾ. അതു കൊണ്ടു തന്നെ അടുത്ത ദിവസങ്ങളിൽ പുതിയ വെളിപ്പെടുത്തൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വഴി തെളിക്കും.
അതേ സമയം പണ്ട് സോളാർ കേസിൽ പ്രതിയായ സരിത എസ് നായർ പറഞ്ഞ എല്ലാ ആരോപണങ്ങളും തൊണ്ടതൊടാതെ വിഴുങ്ങിയ സി പി എം ഇവിടെ സ്വപ്നയെ തള്ളിപ്പറഞ്ഞാൽ വിലപ്പോകില്ലെന്ന് പ്രതിപക്ഷം കരുതുന്നു . അതും സി പി എമ്മിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ഉപയോഗിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us