മലമ്പുഴ ചേറാടിലെ കുമ്പാച്ചി മലയിടുക്കിൽ കുടുങ്ങി ഒടുവിൽ സൈന്യത്തിന്റെ സഹായത്താൽ അതിസാഹസികമായി രക്ഷപ്പെടുത്തിയ ബാബുവിനെ പറ്റിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടക്കുന്നത്. ബാബുവിന്റെ മനസുറപ്പിനെ പ്രശംസിച്ചും, അതിസാഹസികതയെ വിമർശിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നിറയുന്നുണ്ട്.
ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സിജെ ജോൺ. ബാബു ചെയ്തത് ഹീറോയിസമാക്കി വാഴ്ത്തി ചെറുപ്പക്കാർക്ക് തെറ്റായ മാതൃക കാട്ടാൻ പാടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാറയിടുക്കിൽ ഇത്രയും മണിക്കൂർ പിടിച്ചു നിന്ന അവൻ ഹീറോയാണ്. എന്നാൽ അതിനുള്ള സാഹചര്യം സൃഷ്ടിച്ചത് അമിതവിശ്വാസവും ജാഗ്രത കുറവുമാണ്. അത് ഹീറോയിസമല്ല അവിവേകമാണ് എന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്...
സുരക്ഷാ ചിന്തകള്‍
ഇല്ലാതെയാണ് സാഹസികനായ യുവാവ് കൂട്ടുകാരുമൊത്ത് മല കയറാന്‍ പോയത്. കൂട്ടുകാർ പിന്‍ തിരിഞ്ഞപ്പോഴും കക്ഷി മുന്നോട്ട് പോയി. അപകടത്തില്‍ പെട്ടു. ആയുസ്സ് ബാക്കിയുള്ളത് കൊണ്ട് സൈനികരുടെ സഹായത്താല്‍ രക്ഷപ്പെട്ടു.
അവന്റെ മല കയറ്റത്തിനെ ഹീറോയിസമാക്കി വാഴ്ത്തി ചെറുപ്പക്കാര്‍ക്ക് തെറ്റായ മാതൃക കാട്ടാന്‍ പാടില്ല. ചില മുങ്ങി മരണങ്ങളിലും, ഇരു ചക്ര വാഹന അപകടങ്ങളിലും ഇതേ യുവത്വ സാഹസികതയാണ് കുഴപ്പം ചെയ്യുന്നത്. കുടുങ്ങി പോയപ്പോള്‍ ഇത്രയും മണിക്കൂര്‍ പിടിച്ച് നിന്ന ഇവന്‍ ഹീറോയാണ്.
അത് ശരിയായ ആത്മ വിശ്വാസം. എന്നാൽ പാറ ഇടുക്കില്‍ കുടുങ്ങിയ സാഹചര്യം സൃഷ്ടിച്ചത് അമിത വിശ്വാസവും, ജാഗ്രത കുറവുമാണ്.അത് ഹീറോയിസമല്ല. അവിവേകമാണ്. എല്ലാ ചെറുപ്പക്കാര്‍ക്കും ഇത്തരം ഒരു രക്ഷാ പ്രവര്‍ത്തനത്തിന്റെ ആനുകൂല്യം കിട്ടണമെന്നില്ല.
അത് കൊണ്ട് സാഹസികതക്ക് തുനിയുമ്പോൾ സ്വന്തം സുരക്ഷ കൂടി പരിഗണിക്കണം. ഈ മീഡിയ പബ്ലിസിറ്റി കണ്ട് യുവാവേ മതി മറക്കരുത്. മണ്ടത്തരം പറ്റിയെന്ന് യുവജനങ്ങളോട് പറയാനുള്ള അവസരം കളയരുത്. തുറന്ന് പറഞ്ഞാല്‍ കുറെ ചെറുപ്പക്കാരുടെ മനസ്സില്‍ സുരക്ഷിത സാഹസികതകളെ കുറിച്ചുള്ള ചിന്ത കയറാന്‍ ഇടയുണ്ട്. ജീവൻ രക്ഷിച്ചതിന് നല്‍കാവുന്ന ഉചിതമായ നന്ദി പ്രകടനം അതായിരിക്കും.
സ്വന്തം ജീവൻ രക്ഷിക്കാന്‍ സൈനികര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ആവേശം കൊണ്ട് ആ മേഖലയില്‍ ചേക്കേറാനുള്ള ചിന്തയുമാകാം. ഇതൊക്കെ ചെയ്യുമോ യുവ സുഹൃത്തേ?
(സി. ജെ. ജോൺ)