കണ്ണൂര്‍: തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ്. ഏച്ചൂര്‍ സ്വദേശി അക്ഷയിനെയാണ് കണ്ണൂര്‍ താഴെചൊവ്വയിലെ പടക്കക്കടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വിവാഹാഘോഷത്തിനായി താഴെചൊവ്വയിലെ പടക്കകടയില്‍നിന്നാണ് അക്ഷയ് ഉള്‍പ്പെടെയുള്ളവര്‍ പടക്കം വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബോംബ് നിർമ്മാണത്തിന് വേണ്ട സ്പോടക വസ്ഥുക്കൾ വാങ്ങാൻ അറസ്റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും ചേർന്ന് പടക്ക കടയിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
താഴെ ചൊവ്വയിലെ പടക്ക കടയിൽ നിന്ന് ഒരു കവറുമായി 9 മണിയോടെ ഇവർ മടങ്ങുയെന്നാണ് ദൃശ്യങ്ങളിലുള്ളത്. ഇവിടെ നിന്നാണ് പടക്കവും സ്ഫോടക വസ്തുക്കളും വാങ്ങിയതെന്ന് അറസ്റ്റിലായ പ്രതി അക്ഷയ് നേരത്തെ മൊഴി നൽകിയിരുന്നു.
അതേ സമയം, കേസിൽ അറസ്റ്റിലായ അക്ഷയ് നിരപരാധിയാണെന്ന് പിതാവ് പ്രസന്നന്‍ പറഞ്ഞു. അക്ഷയ് ഇതിനു മുൻപ് ഒരു കേസിലും ഉൾപ്പെട്ടിട്ടില്ല. മകൻ ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് ഉറപ്പുണ്ട്. അവന്റെ നിരപരാധിത്വം തെളിയിക്കും. വേറെയാരെയും കിട്ടാത്തതുകൊണ്ട് അവനെ കുടുക്കിയതാണ്. പൊലീസ് നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചതാകാമെന്നാണ് പ്രസന്നന്റെ ആരോപണം.
കഴിഞ്ഞദിവസമാണ് തോട്ടടയില്‍ വിവാഹപാര്‍ട്ടി വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബോംബേറുണ്ടായത്. ബോംബ് പൊട്ടി ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ടു. തല പൊട്ടിച്ചിതറിയ നിലയിലായിരുന്നു ജിഷ്ണുവിന്റെ മൃതദേഹം. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.