ഹരി എസ്.കർത്ത ഗവർണറുടെ അഡിഷനൽ പഴ്സനൽ അസിസ്റ്റന്റ്; നിയമനത്തിന് അംഗീകാരം; അതൃപ്തി അറിയിച്ച് സർക്കാരിന്റെ കത്ത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഹരി എസ്.കർത്തയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫിൽ നിയമിച്ച നടപടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. അഡിഷനൽ പഴ്സനൽ അസിസ്റ്റന്റ് ആയാണ് നിയമനം. ഗവർണറുടെ നിർദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു. ജന്മഭൂമി മുൻ പത്രാധിപരായ ഹരി എസ്.കർത്ത, കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ മാധ്യമ വിഭാഗം മേധാവിയായിരുന്നു.

അതേസമയം, ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ്.കർത്തയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണൽ പിഎ ആയി നിയമിച്ചതിൽ അതൃപ്തി വ്യക്തമാക്കിക്കൊണ്ട് സർക്കാരിന്റെ കത്ത്. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്ന കീഴ്‌വഴക്കം ഇല്ലെന്ന്‌ സർക്കാർ കത്തിലൂടെ അറിയിച്ചു.

ഗവർണറുടെ നിർദേശം അംഗീകരിച്ച് നിയമനത്തിന് അംഗീകാരം നൽകുകയാണെന്ന് കാട്ടി, അതൃപ്തി നിലനിൽക്കെ, ഗവർണറുടെ സെക്രട്ടറിക്കു പൊതുഭരണ സെക്രട്ടറി കത്തു നൽകി. രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നവരെയോ, രാഷ്ട്രീയ പാർട്ടികളോടോ പാർട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ്ഭവനിൽ നിയമിച്ചിട്ടില്ലെന്നു കത്തിൽ പറയുന്നു.

അത്തരം ഒരു കീഴ്‌വഴക്കം തുടരുന്നത് തന്നെയാണ് നല്ലത്. എന്നാൽ ഗവർണർ ഇക്കാര്യത്തിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ചത് കൊണ്ട് മാത്രം ഈ നിയമനം അംഗീകരിക്കുന്നു എന്ന് അറിയിച്ചു കൊണ്ടാണ് സംസ്ഥാന പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ കത്ത്‌.

Advertisment